
തിരുവനന്തപുരം: വേൾഡ് മലയാളി കൗൺസിൽ (WMC) സംഘടിപ്പിക്കുന്ന “ആർദ്രം 2026 – സേവനത്തിന്റെയും സംസ്കാരത്തിന്റെയും മികവിന്റെയും ആഗോള സംഗമം” 2026 ഫെബ്രുവരി 25 ന് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി നേതാക്കളെയും സാമൂഹിക-രാഷ്ട്രീയ പ്രമുഖരെയും ഒരുമിപ്പിക്കുന്ന മഹാസംഗമമാണിത്.

കേരള നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ മുഖ്യാതിഥിയായി ചടങ്ങ് ഉദ്ഘാടനം ചെയ്യും. സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ, മൃഗസംരക്ഷണ-ഡയറി വികസന മന്ത്രി ജെ. ചിഞ്ചു റാണി, എംഎൽഎയും മുൻ മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ, എംഎൽഎമാരായ അനൂപ് ജേക്കബ്, പി. ഉബൈദുള്ള, മുൻ മന്ത്രിയും മുൻ എം.പിയുമായ കെ. മുരളീധരൻ, തിരുവനന്തപുരം മേയർ വി.വി. രാജേഷ്, നോർക്ക റൂട്ട്‌സ് സി.ഇ.ഒ അജിത് കൊല്ലശ്ശേരി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ ആരംഭിച്ച ഗ്ലോബൽ നഴ്സിംഗ് സ്കോളർഷിപ്പ് പദ്ധതിയാണ് പരിപാടിയുടെ പ്രധാന ആകർഷണം. ഈ പദ്ധതിയിലൂടെ 100 അർഹരായ നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ഓരോരുത്തർക്കും ₹1,00,000 (ഒരു ലക്ഷം രൂപ) വീതം ധനസഹായം നൽകുന്നു. പദ്ധതിയുടെ ആദ്യഘട്ടമായി 25 നഴ്സിംഗ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ഫെബ്രുവരി 25ന് ചടങ്ങിൽ നടക്കും. ഗ്ലോബൽ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തോടെയാണ് പരിപാടി ആരംഭിക്കുന്നത്. തുടർന്ന് ഹെൽത്ത്‌കെയർ എക്സലൻസ് അവാർഡുകൾ, നഴ്സിംഗ് സ്കോളർഷിപ്പ് വിതരണം, സാംസ്കാരിക പരിപാടികൾ, വനിതാ ഫോറം ഭവനത്തിന്റെ താക്കോൽദാനം, ഫെല്ലോഷിപ്പ്, ഡിന്നർ, നെറ്റ്‌വർക്കിംഗ്, വാക്കത്തോൺ എന്നിവയും സംഘടിപ്പിക്കും.
ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടാക്കൽ, ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഷാജി മാത്യു, ട്രഷറർ സണ്ണി ജി വെളിയത്ത്, ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിൻ) ജെയിംസ് കൂടാൽ, അഡ്വൈസറി ബോർഡ് ചെയർമാൻ ടി. പി. വിജയൻ എന്നിവരുടെ നേതൃത്വത്തിലും, ഇന്ത്യ റീജിയനും ട്രാവൻകൂർ പ്രൊവിൻസിന്റെയും സഹകരണത്തോടെയാണ് പരിപാടി നടക്കുന്നത്.
ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തെ ഒന്നിപ്പിക്കുന്നതും, സേവന-സാമൂഹിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമായ ഈ മഹാസംഗമത്തിൽ വലിയ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് ജെയിംസ് കൂടാൽ അറിയിച്ചു.
വേൾഡ് മലയാളി കൗൺസിൽ ‘ആർദ്രം 2026’ ഗ്ലോബൽ സംഗമം ഫെബ്രുവരി 25ന് തിരുവനന്തപുരത്ത്












