
കോഴിക്കോട്: ഈ മാസം 24-ന് എലത്തൂർ മാളിക്കടവിലെ വർക്ക് ഷോപ്പിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ കാമുകനായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഒന്നിച്ചു മരിക്കാമെന്നു പറഞ്ഞ് യുവതിയെ വിളിച്ചുവരുത്തി കാമുകൻ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ കോഴിക്കോട് തട്ടമ്പാട്ടുത്താഴം സ്വദേശി വൈശാഖനാണ് പിടിയിലായിരിക്കുന്നത്.
വർഷങ്ങളായി വൈശാഖനും യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വൈശാഖന്റെ ഉടമസ്ഥതയിലുള്ള വർക്ക് ഷോപ്പിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വൈശാഖൻ്റെ പങ്ക് വ്യക്തമായത്. അടുത്തിടെ യുവതി വിവാഹം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും ഇയാൾ ഒഴിഞ്ഞുമാറുകയായിരുന്നു. തുടർന്നാണ് ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കൊലപാതകം നടത്തിയത്. രണ്ട് പേർക്കും മരിക്കാനായി കുരുക്ക് തയാറാക്കിയ വൈശാഖൻ യുവതി കഴുത്തിൽ കുരുക്കിട്ടയുടൻ സ്റ്റൂൾ തട്ടിമാറ്റുകയായിരുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തിയാകുന്നതിനു മുമ്പേ വൈശാഖൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്ന് ചോദ്യംചെയ്യലിൽ തെളിഞ്ഞു.
Young man arrested for murdering lover at calicut










