ഫ്രാൻസിൽ തുടരുന്ന അക്രമസംഭവങ്ങൾക്ക് കാരണം കുടിയേറ്റമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരെ രാജ്യത്തേക്ക് കടത്തിവിടുന്നത് വലിയ തെറ്റാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായും ട്രംപ് പറഞ്ഞു. ഫ്രാൻസിൽ സംഭവിക്കുന്നത് കുടിയേറ്റവുമായി ബന്ധപ്പെട്ടതാണ്. സ്കൂളുകളുമായോ മറ്റെന്തെങ്കിലുമായോ അതിന് ബന്ധമില്ലെന്നും വാഷിങ്ടണിൽ മാധ്യമങ്ങളോട് ട്രംപ് പറഞ്ഞു.
അതിർത്തി നിയന്ത്രണങ്ങൾ ശക്തമാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഫ്രാൻസിൽ നിങ്ങൾ വലിയ തെറ്റാണ് ചെയ്യുന്നതെന്നും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ളവരെ രാജ്യത്തേക്ക് കടത്തിവിടുകയാണെന്നും ഞാൻ മാക്രോണിനോട് നേരത്തെ പറഞ്ഞിരുന്നു. ലോകം മുഴുവൻ ഫ്രാൻസിലേക്ക് എത്തുകയായിരുന്നു. പാരിസ് ഉടൻ മുസ്ലിം നഗരമായി മാറും എന്നും അദ്ദേഹം അവകാശപ്പെട്ടു. അതിർത്തികൾ കർശനമാക്കുകയും കുറ്റവാളികളെ പുറത്താക്കുകയും ചെയ്തില്ലെങ്കിൽ യൂറോപ്പ് തകർച്ചയിലേക്ക് നീങ്ങുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
അതേസമയം, ജീവിതച്ചെലവ് വർധിക്കുന്നതിലും പൊതുസേവനങ്ങൾക്ക് ആവശ്യമായ ഫണ്ട് ലഭിക്കാത്തതിലും പ്രതിഷേധിച്ച് ഫ്രാൻസിൽ നടന്ന പ്രകടനങ്ങളാണ് അക്രമാസക്തമായത്. സമീപവർഷങ്ങളിലെ ഏറ്റവും വലിയ തെരുവ് സംഘർഷങ്ങളിലൊന്നായി പ്രതിഷേധം മാറിയെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച രാജ്യത്തുടനീളം ഏകദേശം അഞ്ച് ലക്ഷം പേർ പ്രതിഷേധത്തിൽ പങ്കെടുത്തതായാണ് കണക്ക്. സ്കൂളുകളിലെ സാഹചര്യം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ ആരംഭിച്ച പ്രതിഷേധം പിന്നീട് വ്യാപിക്കുകയായിരുന്നു. മുഖംമൂടി ധരിച്ച സംഘങ്ങൾ പൊലീസുമായി ഏറ്റുമുട്ടുകയും പൊതുകെട്ടിടങ്ങളിൽ അതിക്രമിച്ചുകയറുകയും കടകൾ കൊള്ളയടിക്കുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. ലിമോജിലെ ചരിത്രപ്രസിദ്ധമായ ടൗൺഹാളിനും തീയിട്ടു. 3,000ത്തിലധികം കടകൾ കൊള്ളയടിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തതായി സർക്കാർ അറിയിച്ചു.
ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി പാരിസ്, ലില്ലെ, ലിയോൺ തുടങ്ങിയ നഗരങ്ങളിൽ ഭാഗിക കർഫ്യൂ പ്രഖ്യാപിച്ചു. പാരിസിൽ രാത്രി എട്ടുമുതൽ പ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനു പിന്നാലെ രാത്രി 11 മുതൽ കർഫ്യൂവും ഏർപ്പെടുത്തി. ക്രമസമാധാനം പുനഃസ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു വ്യക്തമാക്കി. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതും പരിഗണനയിലുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. അക്രമങ്ങൾ കൈകാര്യം ചെയ്തതിൽ സർക്കാരിനെതിരെ വിമർശനം ശക്തമാണ്. മതിയായ മുന്നൊരുക്കങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ആരോപിച്ച് പ്രധാന നഗരങ്ങളിലെ മേയർമാരും രംഗത്തെത്തി.
പ്രതിഷേധം ടൂറിസം മേഖലയെയും ബാധിച്ചു. വിദ്യാർഥി പ്രതിഷേധക്കാർ ഒത്തുകൂടിയതിനെത്തുടർന്ന് പാരിസിലെ ലൂവ്ര് മ്യൂസിയം തിങ്കളാഴ്ച അടച്ചു. പ്രതിഷേധങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് യുഎസ് എംബസി അമേരിക്കൻ പൗരന്മാർക്ക് നിർദേശം നൽകി. അടുത്ത ശനിയാഴ്ച വീണ്ടും പ്രതിഷേധം നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
‘You’re Letting Everybody Come’: Trump Says He Warned Macron On Immigration Before France Unrest















