കൊച്ചി: മോഷണ കുറ്റം ആരോപിച്ച് പെരുമ്പാവൂരില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. സംഭവുമായി ബന്ധപ്പെട്ട് ആറ് അതിഥി തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളും അതിഥി തൊഴിലാളിയാണ്. ഇന്നലെ രാത്രി പെരുമ്പാവൂരിലെ മുടിക്കലിൽ പ്ലൈവുഡ് കമ്പനിയിലാണ് സംഭവം. ആസം സ്വദേശികളാണ് കസ്റ്റഡിയിലായവരെന്ന് പൊലീസ് അറിയിച്ചു. അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് പെരുമ്പാവൂർ പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്.
കമ്പനിയില്‍ ജോലിക്ക് കയറുന്ന സമയത്ത് തൊഴിലാളികള്‍ അവരുടെ മൊബൈല്‍ ഫോണുകള്‍ ഒരു ബോക്‌സില്‍ നിക്ഷേപിക്കുയാണ് പതിവെന്നും ജോലി കഴിഞ്ഞ് വന്ന് നോക്കിയപ്പോള്‍ അതില്‍ രണ്ടുപേരുടെ മൊബൈല്‍ ഫോണുകള്‍ കാണാനില്ലായിരുന്നു. അതിന് സമീപത്ത് മറ്റൊരു യുവാവിനെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതോടെ മോഷണം ആരോപിച്ച് ആറംഗ സംഘം ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് സംഭവത്തെ കുറിച്ച് പൊലീസ് പറഞ്ഞു. മരത്തടിയുടെ റോളർ ഉപയോഗിച്ച് ക്രൂരമായി മർദിച്ചു. ഇയാളുടെ പല്ലും തലയും മർദനത്തിൽ തകർന്നു. ശബ്ദംകേട്ട് പുറത്തുനിന്നു ആളുകൾ മുറിയിലേക്ക് വന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
മര്‍ദനത്തില്‍ പരിക്കേറ്റ് യുവാവ് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഇതോടെ ഇവര്‍ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് ആറംഗസംഘത്തെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു. മരിച്ചയാളും അസം സ്വദേശിയായ അതിഥി തൊഴിലാളിയാണെന്നാണ് സൂചന. കാണാതായ മൊബൈല്‍ ഫോണുകള്‍ കമ്പനി പരിസരത്തുനിന്ന് കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. നിലവിൽ അതിഥിതൊഴിലാളിയുടെ മൃതദേഹം തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Youth beaten to death in Perumbavoor on suspicion of stealing mobile phone, 6 guest workers in custody











