
സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ച വീഡിയോയെത്തുടർന്നുണ്ടായ മാനസിക വിഷമത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവ് ജീവനൊടുക്കി. ഗോവിന്ദപുരം കൊളങ്ങരക്കണ്ടി സ്വദേശി യു. ദീപക്കിനെയാണ് (42) ഞായറാഴ്ച രാവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബസ് യാത്രയ്ക്കിടെ ദീപക് തന്നോട് മോശമായി പെരുമാറി എന്നാരോപിച്ച് ഒരു യുവതി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ ദീപക്കിനെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.
യുവതി ഉന്നയിച്ച ആരോപണങ്ങൾ തീർത്തും വസ്തുതാവിരുദ്ധമാണെന്നും ദീപക്കിനെ മനഃപൂർവം അപമാനിക്കാൻ ശ്രമിച്ചതാണെന്നും കുടുംബം ആരോപിക്കുന്നു. നാളിതുവരെ മോശമായ പെരുമാറ്റദൂഷ്യം ആരുടെ ഭാഗത്തുനിന്നും കേൾക്കാത്ത വ്യക്തിയായിരുന്നു ദീപക്. സംഭവത്തിൽ യുവതിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഈശ്വർ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് നേരത്തെ വടകര പോലീസ് ദീപക്കിനോട് സംസാരിച്ചിരുന്നതായും സൂചനകളുണ്ട്.
ഞായറാഴ്ച രാവിലെ മുറി തുറക്കാത്തതിനെത്തുടർന്ന് വീട്ടുകാർ നാട്ടുകാരുടെ സഹായത്തോടെ വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് ദീപക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. നിലവിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.













