
തിരുവനന്തപുരം : ആരോഗ്യമന്ത്രി വീണാ ജോർജിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചുവെന്ന ആരോപണത്തിന് പിന്നാലെ, ഇതിൻ്റെ ദൃശ്യങ്ങൾ പുറത്തുവിടുന്നവർക്ക് 1 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി.
ആരോഗ്യമന്ത്രിയുടെ നാടകം പൊളിഞ്ഞുവെന്നും പൊറാട്ട് നാടകം ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും അബിൻ പറഞ്ഞു. വയനാട് ഭവന നിർമ്മാണ തറക്കല്ലിടൽ മുന്നിൽ കണ്ട് സി പി എം കരുതിക്കൂട്ടി ചില പി ആർ ഏജൻസികളുടെ സഹത്തോടെ നടത്തിയ നാടകം. ‘ഇത് നാടകമേ ഉലകം’. സർക്കാറിൻ്റെ കെടുകാര്യസ്ഥത മറിച്ചു പിടിക്കാൻ നടത്തിയ നീക്കമാണിതെന്നും അബിൻ പറയുന്നു.
ഇന്നലെ കണ്ണൂരിൽ വെച്ച് മന്ത്രിക്കെതിരെ ആക്രമണം നടന്നുവെന്ന പ്രചാരണം വ്യാജമാണെന്നും, ആക്രമണം നടന്നുവെന്ന് തെളിയിക്കുന്ന വീഡിയോ ഹാജരാക്കുന്നവർക്ക് ഒരു ലക്ഷം രൂപ നൽകുമെന്നുമാണ് അബിൻ വർക്കി അറിയിച്ചത്. ദൃശ്യങ്ങൾ ഹാജരാക്കുന്നവർക്ക് ഒരു പവൻ സ്വർണം നൽകുമെന്ന് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയും പ്രഖ്യാപിച്ചിരുന്നു. മന്ത്രിയുടെ “നാടകം” തെളിയിക്കുന്നവർക്ക് കുഴിമന്തി നൽകുന്ന ചലഞ്ചുമായി കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയും രംഗത്തെത്തിയിട്ടുണ്ട്.
കണ്ണൂരിൽ വെച്ച് കെ.എസ്.യു പ്രവർത്തകർ മന്ത്രിയെ ആക്രമിച്ചു എന്നാരോപിച്ച് കേസെടുത്ത സാഹചര്യത്തിലാണ് കോൺഗ്രസ് സംഘടനകൾ ഇത്തരമൊരു വെല്ലുവിളിയുമായി മുന്നോട്ട് വന്നത്.
Youth Congress leader Abin Varki offers Rs 1 lakh if video of attack on Health Minister Veena George is released













