
ന്യൂഡൽഹി: യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ് ന്യൂഡൽഹിയിൽ അറസ്റ്റിൽ. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഇംപാക്ട് ഉച്ചകോടിയിൽ ഷർട്ടൂരി പ്രതിഷേധിച്ചതിനാണ് നടപടി. ഈ കേസുമായി ബന്ധപ്പെട്ട് നടക്കുന്ന എട്ടാമത്തെ അറസ്റ്റാണിത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുപ്രവർത്തകനെ ആക്രമിക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ പ്രകാരമാണ് ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏകദേശം 20 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഇന്ന് അദ്ദേഹത്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് ചെയ്ത ചിബിനെ പാട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി. ഭാരത് മണ്ഡപം പോലുള്ള ഉന്നത സുരക്ഷാ മേഖലയിൽ നടത്തിയ പ്രതിഷേധം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
ഫെബ്രുവരി 20-ന് ഉച്ചകോടി നടക്കുന്നതിനിടെയാണ് സംഭവം. ഓൺലൈനായി രജിസ്റ്റർ ചെയ്ത് ക്യുആർ കോഡ് വഴി ഹാളിനുള്ളിൽ പ്രവേശിച്ച ഒരു സംഘം യൂത്ത് കോൺഗ്രസ് പ്രവർത്തകർ, കോട്ടിനും ഷർട്ടിനും ഉള്ളിൽ ധരിച്ചിരുന്ന മുദ്രാവാക്യങ്ങൾ പതിപ്പിച്ച ടി-ഷർട്ടുകൾ ഊരി പുറത്തുകാണിച്ചാണ് പ്രതിഷേധിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട വിഷയങ്ങളും തൊഴിലില്ലായ്മയും ഉയർത്തിക്കാട്ടിയായിരുന്നു പ്രതിഷേധം. “Compromised PM” എന്നെഴുതിയ ടി-ഷർട്ടുകളാണ് പ്രവർത്തകർ ധരിച്ചിരുന്നത്.
കോൺഗ്രസ് പണ്ടേ “നഗ്നരാണെന്ന്” രാജ്യത്തിന് അറിയാമെന്നും, ലോകനേതാക്കൾക്ക് മുന്നിൽ ഇന്ത്യയെ നാണം കെടുത്താനാണ് അവർ ശ്രമിക്കുന്നതെന്നും മോദി പരിഹസിച്ചു. ആഗോള വേദികളിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാനുള്ള ആസൂത്രിത ശ്രമമാണിതെന്ന് ബിജെപിയും കുറ്റപ്പെടുത്തി
പ്രതിഷേധിച്ച പ്രവർത്തകരെ ‘ബബ്ബർ ഷേർ’ (സിംഹങ്ങൾ) എന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധി, സത്യം വിളിച്ചുപറയുന്നവരെ കേന്ദ്രസർക്കാർ ഭയപ്പെടുകയാണെന്നും ആരോപിച്ചു.
Youth Congress national president arrested for protesting against Modi during AI summit















