ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ‘ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി’യിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ അർദ്ധനഗ്ന പ്രതിഷേധത്തിന് പിന്നിൽ ശക്തമായ ഗൂഢാലോചനയുണ്ടെന്ന് ഡൽഹി പോലീസ്. നേപ്പാളിലെ ‘ജെൻസി’ (Jency) പ്രക്ഷോഭത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് അന്താരാഷ്ട്ര തലത്തിൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനാണ് പ്രതിഷേധക്കാർ ശ്രമിച്ചതെന്ന് പോലീസ് പാട്യാല ഹൗസ് കോടതിയെ അറിയിച്ചു. സംഭവത്തിൽ അറസ്റ്റിലായ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
ഇന്ത്യ -യുഎസ് വ്യാപാര കരാറിനെതിരെയായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. ഉച്ചകോടി വേദിയിൽ മേൽവസ്ത്രം ഊരി മുദ്രാവാക്യം വിളിച്ച കൃഷ്ണ ഹരി, കുന്ദൻ യാദവ്, അജയ് കുമാർ, നരസിംഹ യാദവ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചതായും ഇവരുടെ പക്കൽ കൃത്യമായ ആസൂത്രണമുണ്ടായിരുന്നുവെന്നും പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചു. സംഭവത്തിന് പിന്നിൽ വിദേശ ഫണ്ടിംഗ് ഉണ്ടോ എന്ന് പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം, പ്രതിഷേധത്തിന്റെ മുഖ്യ ആസൂത്രകനായ നരസിംഹ യാദവിന് രാഹുൽ ഗാന്ധിയുമായുള്ള അടുത്ത ബന്ധം ബിജെപി ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിയുടെ അറിവോടെയാണ് ഈ പ്രതിഷേധം നടന്നതെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. എന്നാൽ സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശമാണ് തങ്ങൾ വിനിയോഗിച്ചതെന്ന് യൂത്ത് കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.











