
ശശി തരൂരിനെ സിപിഎമ്മിലേക്ക് എത്തിക്കാൻ താൻ ചർച്ചകൾ നടത്തിയ വ്യവയാസി താനാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് പ്രമുഖ വ്യവസായി എം എ യൂസഫലി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ ദുബായ് പര്യടനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തനിക്ക് രാഷ്ട്രീയത്തിൽ പ്രത്യേക ‘അംബിഷൻ’ ഒന്നുമില്ലെന്നും, ഇത്തരം പ്രചരണങ്ങൾ വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതൃത്വവുമായി അകന്നുനിൽക്കുന്ന തരൂരിനെ ഇടതുമുന്നണിയിലെത്തിക്കാൻ ഒരു പ്രമുഖ വ്യവസായി മധ്യസ്ഥത വഹിക്കുന്നുവെന്ന റിപ്പോർട്ടുകൾ വന്ന പശ്ചാത്തലത്തിലാണ് ഈ വിശദീകരണം.
മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തിൽ മൂന്നാമതും അധികാരത്തിൽ വരാനുള്ള സാഹചര്യമുണ്ടെന്നും ആര് വന്നാലും താൻ ആശംസകൾ അറിയിക്കുമെന്നും യൂസഫലി കൂട്ടിച്ചേർത്തു. കോൺഗ്രസ് ഹൈക്കമാൻഡുമായും കേരളത്തിലെ പാർട്ടി പരിപാടികളുമായും കുറച്ചുനാളായി തരൂർ വിട്ടുനിൽക്കുന്നതാണ് അദ്ദേഹം സിപിഎമ്മിലേക്ക് ചേക്കേറുന്നുവെന്ന അഭ്യൂഹങ്ങൾക്ക് വഴിമരുന്നിട്ടത്. ദുബായിൽ മുഖ്യമന്ത്രിയുമായി തരൂർ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന സൂചനകളും പുറത്തുവന്നിരുന്നു. എന്നാൽ തന്റെ ഭാഗത്തുനിന്ന് രാഷ്ട്രീയപരമായ ഇത്തരം നീക്കങ്ങളില്ലെന്ന് യൂസഫലി ഉറപ്പിച്ചു പറഞ്ഞു.














