
ന്യൂയോർക്ക് : ഇന്ത്യൻ വംശജനായ സൊഹ്‌റാൻ മംദാനി ന്യൂയോർക്ക് സിറ്റിയുടെ 112-ാമത് മേയറായി 2026 ജനുവരി 1-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഈ പദവിയിലെത്തുന്ന ആദ്യത്തെ മുസ്ലിം വിശ്വാസിയും ദക്ഷിണേഷ്യൻ വംശജനുമാണ് അദ്ദേഹം. പുതുവർഷ പുലരിയിൽ അർദ്ധരാത്രിക്ക് ശേഷം മാൻഹട്ടനിലെ ചരിത്രപ്രധാനമായ പഴയ സിറ്റി ഹാൾ സബ്‌വേ സ്റ്റേഷനിൽ വെച്ചായിരുന്നു ആദ്യത്തെ സ്വകാര്യ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. വിശുദ്ധ ഗ്രന്ഥമായ ഖുർആനിൽ കൈവെച്ചാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്ത് ഖുർആൻ ഉപയോഗിച്ച് സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യ വ്യക്തിയാണിദ്ദേഹം.
ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജയിംസാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഉച്ചയ്ക്ക് സിറ്റി ഹാളിൽ ഒരു പൊതു ചടങ്ങുകൂടി നടക്കുന്നുണ്ട്. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ഓഫ് അമേരിക്കയുടെ (DSA) അംഗമായ അദ്ദേഹം, 2021 മുതൽ 2025 വരെ ക്വീൻസിൽ നിന്നുള്ള ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗമായിരുന്നു. നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ മുൻ ഗവർണർ ആൻഡ്രൂ ക്യൂമോ ഉൾപ്പെടെയുള്ളവരെ പരാജയപ്പെടുത്തിയാണ് 34-കാരനായ മംദാനി ചരിത്രവിജയം നേടിയത്. നഗരത്തിലെ ബസ് യാത്ര സൗജന്യമാക്കുക, വാടക നിരക്ക് വർദ്ധന നിയന്ത്രിക്കുക, സാർവത്രിക ശിശുപരിപാലനം തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പ്രചാരണ വാഗ്ദാനങ്ങൾ. ബോഡോയിൻ കോളേജിൽ നിന്ന് ആഫ്രിക്കാന സ്റ്റഡീസിൽ ബിരുദം നേടി. രാഷ്ട്രീയത്തിലേക്ക് വരുന്നതിന് മുമ്പ് അദ്ദേഹം ന്യൂയോർക്കിൽ ഒരു ഹൗസിംഗ് കൗൺസിലറായി സേവനമനുഷ്ഠിച്ചിരുന്നു.
പ്രശസ്ത സിനിമാ സംവിധായിക മീര നായരുടെയും പ്രൊഫസർ മഹമൂദ് മംദാനിയുടെയും മകനാണ്. ഉഗാണ്ടയിൽ ജനിച്ച അദ്ദേഹം 2018-ലാണ് അമേരിക്കൻ പൗരത്വം നേടിയത്.
Zohrab Mamdani becomes New York’s first Muslim mayor; takes oath by touching Quran















