ന്യൂയോർക്കിൽ സൊഹ്‌റാൻ മംദാനിയുടെ രൂപസാദൃശ്യമത്സരം; നൂറുകണക്കിന് പേർ പങ്കെടുത്തു

ന്യൂയോർക്ക്: ന്യൂയോർക്കിലെ വാഷിങ്ടൺ സ്ക്വയർ പാർക്കിന് സമീപം ഞായറാഴ്ച നടന്ന മേയർ സൊഹ്‌റാൻ മംദാനിയുടെ രൂപസാദൃശ്യമത്സരത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. മംദാനിയുടെ രാഷ്ട്രീയ ജീവിതം, ബാസ്‌കറ്റ്ബോൾ പ്രേമം, സൈക്ലിങ്, മുൻകാല റാപ്പ് ജീവിതം തുടങ്ങിയവയെ അനുസ്മരിപ്പിക്കുന്ന വേഷങ്ങളിലാണ് മത്സരാർഥികൾ എത്തിയത്. 40കാരനായ നടനും ഹാസ്യതാരവുമായ അമേഡിയോ ഫുസ്കയാണ് മത്സരത്തിൽ വിജയിച്ചത്.

ന്യൂയോർക്ക് നിക്സ് ജേഴ്സിക്ക് മുകളിൽ ഫോർമൽ വസ്ത്രവും മംദാനിയുടേതിന് സമാനമായ ഹെയർസ്റ്റൈലും മുഖത്തെ രോമവളർച്ചയുമായിരുന്നു ഫുസ്കയുടെ വേഷം. വിജയിക്ക് 100 ഡോളർ സമ്മാനമായി ലഭിച്ചു.മത്സരത്തിന് പ്രത്യേക വിധികർത്താക്കൾ ഉണ്ടായിരുന്നില്ല. മത്സരാർഥികളോട് അവരുടെ ഇഷ്ടപ്പെട്ട പിസ ഏതാണ് എന്ന് ചോദിച്ചു. തുടർന്ന് കാണികളുടെ കൈയടിയുടെ അടിസ്ഥാനത്തിലാണ് വിജയിയെ തിരഞ്ഞെടുത്തത്.

മംദാനി 2025ലെ മേയർ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ധരിച്ച ബ്രൗൺ സ്യൂട്ട്, ചുവപ്പ്-കറുപ്പ് ടൈകൾ, ഇരുണ്ട നിറത്തിലുള്ള സ്യൂട്ടുകൾ, വെള്ളി മോതിരങ്ങൾ തുടങ്ങിയവ അണിഞ്ഞാണ് പലരും മത്സരത്തിനെത്തിയത്. മംദാനിയുടെ സൈക്ലിങ് ശീലത്തെ സൂചിപ്പിച്ച് ചിലർ സൈക്കിൾ ഹെൽമറ്റും ധരിച്ചു. 2019ൽ മംദാനി റാപ്പ് സംഗീതവുമായി ബന്ധപ്പെട്ട് പ്രത്യക്ഷപ്പെട്ടിരുന്ന കാലഘട്ടത്തെ അനുസ്മരിപ്പിച്ച് മറ്റൊരു മത്സരാർഥി ഷർട്ടില്ലാതെ ഏപ്രൺ ധരിച്ചെത്തി.അനുമതി ലഭിക്കാത്തതിനെ തുടർന്ന് മത്സരത്തിന്റെ വേദിയും മാറ്റേണ്ടിവന്നു. ആദ്യം വാഷിങ്ടൺ സ്ക്വയർ പാർക്കിനുള്ളിൽ ഒത്തുകൂടിയവരോട് പൊലീസ് പാർക്ക് വിട്ടുപോകാൻ ആവശ്യപ്പെട്ടു. തുടർന്ന് പാർക്കിന് പുറത്താണ് മത്സരം നടത്തിയത്.

സോഷ്യൽ പ്ലാറ്റ്‌ഫോമായ സോണ്ടറാണ് പരിപാടിക്ക് സ്പോൺസർ ചെയ്തത്. മംദാനിയുടെ രൂപസാദൃശ്യമത്സരം ആദ്യമായല്ല നടക്കുന്നത്. 2025ലെ മേയർ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബ്രൂക്ലിനിലും സമാനമായ മത്സരം സംഘടിപ്പിച്ചിരുന്നു. മംദാനിയെ അനുകരിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോകൾ ചെയ്യുന്ന ഫുസ്ക ഇതിനകം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ‘എൻസിഐഎസ്’ ഉൾപ്പെടെയുള്ള ടെലിവിഷൻ പരിപാടികളിലും ‘ദ ആൾട്ടോ നൈറ്റ്സ്’ എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നിക്സ് മത്സരങ്ങളുടെ വാച്ച് പാർട്ടികളിലും മംദാനിയുടെ രൂപസാദൃശ്യം അനുകരിച്ച് ഫുസ്ക ശ്രദ്ധ നേടിയിരുന്നു.

മംദാനിയുടെ മേയർ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് തന്റെ രൂപം അദ്ദേഹത്തോട് സാമ്യമുള്ളതാണെന്ന കാര്യം കൂടുതൽ ആളുകൾ ചൂണ്ടിക്കാട്ടിയതെന്ന് ഫുസ്ക പറഞ്ഞു. പിന്നീട് മംദാനിയുടേതിന് സമാനമായ ഹെയർസ്റ്റൈൽ സ്വീകരിക്കുകയും അദ്ദേഹത്തെ അനുകരിച്ചുള്ള സോഷ്യൽ മീഡിയ വീഡിയോകൾ ചെയ്യുകയും ചെയ്തു. ഇപ്പോൾ മംദാനിയെ അനുകരിക്കുന്നതിലൂടെ വിവിധ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരങ്ങളും ലഭിക്കുന്നുണ്ടെന്ന് ഫുസ്ക പറഞ്ഞു. മംദാനിയുടെ വർധിച്ചുവരുന്ന ജനപ്രീതിയുടെ മറ്റൊരു സൂചനയായാണ് രൂപസാദൃശ്യമത്സരത്തെ വിലയിരുത്തുന്നത്.

Zohran Mamdani look-alike contest draws hundreds in New York

More Stories from this section

family-dental
witywide