‘എന്റെ ഊഴം വന്നപ്പോള്‍ പൂജാരിമാര്‍ വിളക്ക് നിലത്തു വെച്ചു’; ജാതീയ വിവേചനം നേരിട്ടതിനെക്കുറിച്ച് മന്ത്രി കെ. രാധാകൃഷ്ണന്‍

കോട്ടയം: കേരളത്തില്‍ ഒരു ക്ഷേത്രത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങിനിടെ തനിക്ക് ജാതീയ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. അതേവേദിയില്‍ വെച്ചുതന്നെ പ്രതിഷേധം അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു. ജാതിയുടെ പേരില്‍ തന്നെ മാറ്റിനിര്‍ത്തി, താന്‍ കൊടുക്കുന്ന പൈസയ്ക്ക് അയിത്തമില്ല. തനിക്ക് അയിത്തം കല്‍പ്പിച്ചു. ഇക്കാര്യം അപ്പോള്‍ത്തന്നെ ചടങ്ങില്‍ പ്രസംഗിച്ചുവെന്നും പോയി പണി നോക്കാന്‍ പറഞ്ഞുവെന്നും മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. കോട്ടയത്ത് വേലന്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍.

ക്ഷേത്രത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ വിളക്ക് കത്തിക്കുന്ന ചടങ്ങില്‍ അവിടുത്തെ പൂജാരിമാര്‍ പരസ്പരം വിളക്കുകള്‍ കൈമാറി കത്തിക്കുകയും തന്റെ ഊഴം എത്തിയപ്പോള്‍ വിളക്ക് നിലത്ത് വെക്കുകയുമായിരുന്നുവെന്നാണ് മന്ത്രി പറഞ്ഞത്.

മന്ത്രിയുടെ വാക്കുകള്‍:
‘ഞാനൊരു ക്ഷേത്രത്തില്‍ പരിപാടിക്കു പോയി. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു. അവിടുത്തെ പ്രധാന പൂജാരി ഒരു വിളക്കുമായി എന്റെ നേരെ വന്നു. അതെനിക്കു തരാനാണെന്നു കരുതി ഞാന്‍ നില്‍ക്കുകയായിരുന്നു. പക്ഷേ പൂജാരി വിളക്ക് എന്റെ കയ്യില്‍ തന്നില്ല. നേരെ പോയി അദ്ദേഹം നിലവിളക്ക് കത്തിച്ചു. ആചാരത്തിന്റെ ഭാഗമാണെന്നും ആചാരത്തെ തൊട്ടുകളിക്കേണ്ടെന്നും കരുതി ഞാന്‍ മാറിനിന്നു. പ്രധാന പൂജാരി അടുത്തുണ്ടായിരുന്ന സഹപൂജാരിക്ക് വിളക്ക് കൈമാറി. ഇതിനുശേഷം വിളക്ക് എനിക്കു തരുമെന്നാണു കരുതിയത്. പക്ഷേ തന്നില്ല. അതിനുശേഷം അവര്‍ വിളക്ക് നിലത്തു വച്ചു. അത് ഞാനെടുത്ത് കത്തിക്കട്ടെ എന്നാണവര്‍ ഉദ്ദേശിച്ചത്. ഞാന്‍ കത്തിക്കണോ? എടുക്കണോ? ഞാന്‍ പറഞ്ഞു: പോയി പണിനോക്കാന്‍. ഞാന്‍ തരുന്ന പൈസയ്ക്ക് അയിത്തമില്ല. എനിക്ക് അയിത്തമാണു കല്‍പ്പിക്കുന്നത്. ഇക്കാര്യം അപ്പോള്‍ത്തന്നെ ചടങ്ങില്‍ പ്രസംഗിക്കുകയും ചെയ്തു. ഏത് പാവപ്പെട്ടവനും കൊടുക്കുന്ന പൈസയ്ക്ക് അയിത്തമില്ല. ആ പൂജാരിയെ ഇരുത്തിക്കൊണ്ടുതന്നെ ഞാന്‍ ഇക്കാര്യം പറഞ്ഞു.’

More Stories from this section

family-dental
witywide