ദിവ്യ എസ്. അയ്യർ മുൻ മന്ത്രി കെ. രാധാകൃഷ്ണനെ ആശ്ലേഷിക്കുന്ന ചിത്രം വൈറലാകുന്നു, ചിത്രത്തിന് ഊഷ്മള സ്നേഹവും കയ്യടികളും…

തിരുവനന്തപുരം: ഐ.എ.എസ്. ഉദ്യോഗസ്ഥയായ ദിവ്യ എസ്. അയ്യര്‍ മുന്‍ മന്ത്രി കെ.രാധാകൃഷ്ണനെ ആശ്ലേഷിക്കുന്ന ചിത്രം സാമൂഹികമാധ്യമങ്ങളില്‍ ഇപ്പോൾ വൈറലാണ്. എംപിയായ ശേഷം  മന്ത്രിസ്ഥാനം രാജിവെച്ചശേഷം കെ. രാധാകൃഷ്ണനെ സന്ദര്‍ശിച്ച ദിവ്യ  ഇന്‍സ്റ്റഗ്രാമില്‍ ഒരു ഓര്‍മക്കുറിപ്പ്  പോസ്റ്റ് ചെയ്തു.  മന്ത്രിയായിരിക്കുന്ന സമയത്ത് രാധാകൃഷ്ണനൊപ്പമെടുത്ത ചിത്രങ്ങളും ഇതിനൊപ്പം പങ്കുവെച്ചു. ഇതില്‍ ദിവ്യ എസ്.അയ്യര്‍ കെ.രാധാകൃഷ്ണനെ ആശ്ലേഷിക്കുന്ന ചിത്രമാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലായത്.  ഊഷ്മളമായ സ്‌നേഹവും കൈയടികളുമാണ് ആ ചിത്രത്തിന് ലഭിച്ചത്.  നിരവധിപേര്‍ ഈ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വീണ്ടും പങ്കുവെയ്ക്കുകയും ചെയ്തു


 ‘കനിവാര്‍ന്ന വിരലാല്‍ വാര്‍ത്തെടുത്തൊരു കുടുംബം.രാധേട്ടാ, രാധാകൃഷ്ണാ, വലിയച്ഛാ,സര്‍… എന്നിങ്ങനെ പല വാത്സല്യവിളികള്‍ കൊണ്ട് ഇന്നു മുഖരിതം ആയിരുന്ന മന്ത്രി വസതിയില്‍ യാത്രയയക്കാനെത്തിയ കുടുംബാംഗങ്ങള്‍ക്കൊപ്പം. പത്തനംതിട്ടയിലെ കളക്ടര്‍ വസതിയില്‍ നിന്നും ഞാന്‍ ഇറങ്ങുമ്പോള്‍ അന്നു അദ്ദേഹത്തിന്റെ സ്‌നേഹസാന്നിധ്യത്തിന്റെ മധുരം ഒരിക്കല്‍ കൂടി നുകര്‍ന്നപോല്‍”- എന്നായിരുന്നു ദിവ്യ എസ്.അയ്യരുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ്. ചിത്രം വൈറലായതിന് പിന്നാലെ ദിവ്യ എസ്.അയ്യരുടെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ കെ.എസ്. ശബരീനാഥനും ഇതുസംബന്ധിച്ച പോസ്റ്റിട്ടിരുന്നു. ”ശ്രീ കെ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം രാജിവച്ചതിനുശേഷം ദിവ്യ അദ്ദേഹത്തെ വീട്ടില്‍ കാണാന്‍ പോയിരുന്നു. അതിനുശേഷം ഇന്‍സ്റ്റാഗ്രാമില്‍ ഒരു ഓര്‍മ്മകുറിപ്പിനോടൊപ്പം അന്നത്തെ ഫോട്ടോയും പഴയ രണ്ടു ഫോട്ടോയും പങ്കുവച്ചു. അതില്‍ ഒരുഫോട്ടോ ഇപ്പോള്‍ പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും സജീവ ചര്‍ച്ചയാണ്. സംസ്ഥാന മന്ത്രിയായിരുന്ന ഘട്ടത്തില്‍ ശ്രീ കെ.രാധാകൃഷ്ണന്‍ ഔദ്യോഗിക പ്രോഗ്രാമിന് ശേഷം പത്തനംതിട്ട കളക്ടറുടെ വസതിയില്‍ സന്ദര്‍ശനം നടത്തിയ ദിവസം എടുത്ത ഫോട്ടോയാണ് വൈറലായത്. അന്ന് അദ്ദേഹം ഞങ്ങളോടൊപ്പം കുറച്ചു സമയം ചിലവഴിച്ചു രാത്രിഭക്ഷണവും കഴിഞ്ഞാണ് തിരികെപോയത്. 

ഏറെ ബഹുമാനിക്കുന്ന,ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയെ മറ്റൊരാള്‍ ആലിംഗനം ചെയ്ത ഒരു ചിത്രം സ്ത്രീ-പുരുഷ സമസ്യയില്‍ ഇപ്പോള്‍ പോസിറ്റീവായി ചര്‍ച്ചചെയ്യപ്പെടുന്നതിൽ സന്തോഷമുണ്ട്. നെഗറ്റീവ് കമന്റ്‌സും മറ്റു അപ്രസക്തവാദങ്ങളും നോക്കാതിരുന്നാള്‍ മതി, അപ്പോള്‍ ഹാപ്പി സണ്‍ഡേ!”- ശബരീനാഥന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

picture of Divya S Iyyer IAS hugging Former minister k Radhakrishnan goes viral in Social Media