ദില്ലി: യാത്രാനിരക്കില്‍ കുട്ടികള്‍ക്കുള്ള ഇളവ് ഒഴിവാക്കിയതിലൂടെ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഇന്ത്യന്‍ റെയില്‍വേയ്ക്ക് ലഭിച്ച അധിക വരുമാനം 2,800 കോടി രൂപ. 2022-23 സാമ്പത്തിക വര്‍ഷം മാത്രം 560 കോടി രൂപ അധികം നേടി. ഇളവ് ഒഴിവാക്കിയതിനു ശേഷം യാത്ര ചെയ്ത മാത്തം കുട്ടികളില്‍ 70 ശതമാനത്തോളം പേരും മുഴുവന്‍ യാത്രാക്കൂലിയും നല്‍കിയാണ് യാത്ര ചെയ്തത്. മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചത് റെയില്‍വേയ്ക്ക് വലിയ നേട്ടമായെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍.
201617 സാമ്പത്തിക വര്‍ഷം മുതല്‍ 2022-23 വരെയുള്ള രണ്ട് വിഭാഗത്തിലുള്ള കുട്ടികളുടെ യാത്രാനിരക്കിന്റെ ഓപ്ഷനുകളെ അടിസ്ഥാനമാക്കി വര്‍ഷം തിരിച്ചുള്ള വിവരവും പുറത്തുവിട്ടു. വിവരാവകാശ പ്രകാരം ചോദിച്ച ചോദ്യത്തിനാണ് റെയില്‍വേ ഇക്കാര്യം വ്യക്തമാക്കിയത്. 2016 മാര്‍ച്ച് 31നാണ് 5 വയസ്സിനും 12 വയസ്സിനുമിടയിലുള്ള കുട്ടികള്‍ക്ക് പ്രത്യേക ബര്‍ത്തുകളോ സീറ്റുകളോ റിസര്‍വ് ചെയ്യണമെങ്കില്‍ മുതിര്‍വരുടെ മുഴുവന്‍ നിരക്കും ഈടാക്കുമെന്ന മന്ത്രാലയം പ്രഖ്യാപിച്ചത്.
കുട്ടികളുടെ ടിക്കറ്റ് നിരക്കില്‍ മാറ്റം വരുത്തിയ നടപടി 2016 ഏപ്രില്‍ 21 മുതല്‍ പ്രാബല്യത്തില്‍ വന്നു. അതിനു മുന്‍പ് വരെ അഞ്ചിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് പകുതി നിരക്കില്‍ പ്രത്യേക ബര്‍ത്തുകള്‍ അനുവദിച്ചിരുന്നു. എന്നാല്‍ പുതുക്കിയ മാനദണ്ഡം പ്രകാരം പകുതി നിരക്കില്‍ ടിക്കറ്റെടുത്താല്‍ കുട്ടികള്‍ അവര്‍ക്കൊപ്പമുള്ള മുതിര്‍വരുടെ സീറ്റില്‍ കഴിയണം. പ്രത്യേക ബെര്‍ത്തുകളോ സീറ്റുകളോ ലഭിക്കണമെങ്കില്‍ മുഴുവന്‍ തുകയും നല്‍കി ടിക്കറ്റെടുക്കണമെന്നതാണ് പുതുക്കിയ നിയമം. നിയമപരിഷ്‌കരണത്തിനു ശേഷം പത്ത് കോടിയിലധികം കുട്ടികളാണ് മുഴുവന്‍ യാത്രാക്കൂലിയും നല്‍കി യാത്ര ചെയ്തത്.