
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ഉണ്ണിമുകുന്ദന് എതിരായ കേസ് നടപടികൾ ഹൈക്കോടതി റദ്ദാക്കി. കേസ് ഒത്തുതീർപ്പായെന്ന് പരാതിക്കാരി കോടതിയിൽ അറിയിച്ചത് അംഗീകരിച്ചാണ് ജസ്റ്റിസ് പി ഗോപിനാഥിന്‍റെ ഉത്തരവ്. കേസിൽ തുടർനടപടികൾ ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്‌തിരുന്നു. കേസ് റദ്ദാക്കണമെന്ന ഉണ്ണി മുകുന്ദന്റെ ഹർജിയിലാണ് നടപടി.
കേസിൽ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് താരം നൽകിയ ഹർജി ഹൈക്കോടതി മെയ് 23ന് തള്ളിയിരുന്നു. കേസിൽ വിചാരണ തുടരാമെന്ന് കേരളാ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. കേസ് ഒത്തുതീർപ്പാക്കിയതായി നേരത്തെ ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ സൈബി ജോസ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇത് നിഷേധിച്ച് പരാതിക്കാരി പിന്നീട് രംഗത്തെത്തി. ഈ സാഹചര്യത്തിൽ കോടതി നടപടികൾ തുടരാമെന്നും സിംഗിൾ ബെഞ്ച് അന്ന് വ്യക്തമാക്കി. തുടർന്നാണ് വിചാരണ നടപടികൾക്കുള്ള സ്റ്റേ നീക്കിയ ശേഷം വിചാരണ തുടരാൻ കോടതി നിർദ്ദേശം നൽകിയത്.
2017 ഓഗസ്റ്റ് 23നാണ് സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. 2017 സെപ്റ്റംബര്‍ 15ന് യുവതി പരാതി നല്‍കി. സിനിമയുടെ കഥ പറയാൻ ഉണ്ണി മുകുന്ദന്‍റെ ഫ്ലാറ്റിലെത്തിയ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കോട്ടയം സ്വദേശിയായ യുവതിയുടെ പരാതി.