ബീപ് ശബ്ദത്തോടെ എമര്‍ജന്‍സി അലേര്‍ട്ട്; ഫോണിലേക്ക് വന്ന അപ്രതീക്ഷിത സന്ദേശം കണ്ട് ഞെട്ടി ആളുകള്‍

ബീപ് ശബ്ദത്തോടെ ഫോണിലേക്ക് വന്ന എമര്‍ജന്‍സി മെസ്സേജ് കണ്ടതിന്റെ ഞെട്ടലിലായിരുന്നു ഇന്ന് ആന്‍ഡ്രോയിഡ് ഉപഭോക്താക്കളില്‍ പലരും. എല്ലാവര്‍ക്കും ഏറെക്കുറെ ഒരേ സമയത്ത് തന്നെ നല്ല സൗണ്ടില്‍ മെസ്സേജ് വന്നതോടെയാണ് ആളുകള്‍ അമ്പരന്നത്. ഞെട്ടലോടെ മെസേജ് ഓപ്പണാക്കിയവര്‍ കാര്യമറിഞ്ഞ ശേഷം സമാധാനത്തിലായി. ഇന്ന് ഉച്ചയ്ക്ക് 12.19 ഓടെയായിരുന്നു പലരുടേയും മൊബൈല്‍ ഫോണിലേക്ക് അപ്രതീക്ഷിത സന്ദേശം എത്തിയത്. കേന്ദ്ര സര്‍ക്കാര്‍ അയച്ച മുന്നറിയിപ്പ് സന്ദേശമാണ് എമര്‍ജന്‍സി അലേര്‍ട്ടായി എത്തിയത്.

‘കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ടെലി കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം സെല്‍ ബ്രോഡ്കോസ്റ്റിംഗ് സിസ്റ്റം വഴി അയച്ച സാംപിള്‍ പരീക്ഷണ മെസേജാണിത്. മെസേജ് കിട്ടിയവര്‍ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല, മെസേജ് അവഗണിക്കുക. ദേശീയ ദുരന്തനിവാരണ അതോറിറ്റി രാജ്യാമെമ്പാടും മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനം പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദേശം അയച്ചിരിക്കുന്നത്. മുന്നറിയിപ്പുകള്‍ കൃത്യസമയത്ത് ആളുകളില്‍ എത്തിക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് ഈ സന്ദേശം’ എന്നും മെസേജില്‍ വിശദീകരിക്കുന്നു.

രാജ്യത്ത് ഭൂകമ്പങ്ങളും സുനാമിയും മിന്നല്‍ പ്രളയങ്ങളും അടക്കമുള്ള പ്രകൃതിദുരന്തരങ്ങളും മറ്റും ചെറുക്കുന്നതിന്റെ ഭാഗമായി അടിയന്തിര ഘട്ടങ്ങളില്‍ മുന്നറിയിപ്പുകളും സന്ദേശങ്ങളും ജനങ്ങളിലെത്തിക്കുന്നതിന്റെ കൃത്യത പരീക്ഷിച്ചറിയാന്‍ വേണ്ടിയാണ് ഈ മെസേജ് ആന്‍ഡ്രോയ്ഡ് ഫോണുകളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ അയച്ചത്. ഇത്തരം മുന്നറിയിപ്പ് മെസേജുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരീക്ഷിച്ചുവരികയാണ്. വളരെ നിര്‍ണായകമായ എമര്‍ജന്‍സി അലര്‍ട്ട് എന്ന ശീര്‍ഷകത്തോടെയാണ് എമര്‍ജന്‍സി മേസേജ് പലരുടെയും ആന്‍ഡ്രോയിഡ് ഫോണിലേക്ക് എത്തിയത്.

More Stories from this section

family-dental
witywide