ഒഹായോ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രാക്ടീഷണിങ് ഡോക്ടർ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ക്ലീവ്ലാൻഡിലെ ന്യൂറോളജിസ്റ്റ് ആയ ഡോ: ഹൊവാർഡ് ടക്കർ.
“ഏഴു പതിറ്റാണ്ടിലേറെയായി ഞാൻ ഒരു പ്രാക്ടീസ് ചെയ്യുന്ന ഡോക്ടറും ന്യൂറോളജിസ്റ്റുമാണ്. ഈ 101 വയസിലും എന്റെ തലച്ചോർ എങ്ങനെ ഇത്രയും ഷാർപ് ആയിരിക്കുന്നു എന്ന് ആളുകൾ എന്നോട് ചോദിക്കാറുണ്ട്,” ഡോക്ടറെ ഉദ്ധരിച്ചുകൊണ്ട് സിഎൻബിസി റിപ്പോർട്ട് ചെയ്യുന്നു.
പ്രായം മാറുന്നതിനനസുകരിച്ച് നമ്മുടെ മാനസിക പ്രക്രിയകളിൽ മാറ്റം വരാം. തലച്ചോറിന്റെ ചില ഭാഗങ്ങൾ ചുരുങ്ങാം. കൂടാതെ, ന്യൂറോണുകൾ തമ്മിലുള്ള ആശയവിനിമയം കുറയുകയും രക്തയോട്ടം കുറയുകയും ചെയ്യും. എന്നിരുന്നാലും, നമ്മുടെ മനസ്സിന് അഭിവൃദ്ധി പ്രാപിക്കാൻ സ്ഥിരമായ വ്യായാമം ആവശ്യമാണ്. ചില കാര്യങ്ങൾ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് പ്രായമാകുമ്പോഴും തലച്ചോറിനെ ഷാർപ് ആയി നിലനിർത്താൻ കഴിയും.
“ഞാൻ എന്റെ ജീവിതത്തിൽ പാലിക്കുന്ന ഒരു തത്വമുണ്ട്. ആർക്കും പ്രാവർത്തികമാക്കാവുന്ന ഒന്നാണത്. ജോലിയിലൂടെയും സാമൂഹിക വിനോദ പ്രവർത്തനങ്ങളിലൂടെയും മനസിനെ എപ്പോഴും വ്യാപൃതമാക്കി നിലനിർത്തുക,” ഡോക്ടർ പറയുന്നു.
89 വയസുള്ള തന്റെ ഭാര്യ സാറ ഇപ്പോഴും ജോലി ചെയ്യുന്നത് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മനശാസ്ത്ര വിദഗ്ധയാണ് സാറ.
ജോലി ചെയ്യുന്നതിന് പുറമെ പുതിയ കാര്യങ്ങൾ പഠിക്കുന്നും ഹോബികൾ നിലനിർത്തുന്നതും തലച്ചോറിന്റെ ആരോഗ്യത്തെ സ്വാധീനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
“അറുപതുകളുടെ തുടക്കത്തിൽ ഞാൻ എന്റെ മുഴുവൻ സമയ ജോലിക്ക് ശേഷം ഒരു ലോ സ്കൂളിൽ ചേർന്നു, നിയമം പഠിച്ചു.”
ശക്തമായ സാമൂഹിക ബന്ധങ്ങൾ നമ്മുടെ ഓർമശക്തിയും വൈജ്ഞാനികമായ പ്രവർത്തനങ്ങളും നിലനിർത്താൻ സഹായിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്.
“നിർഭാഗ്യവശാൽ, എന്റെ പ്രായത്തിൽ, എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും സഹപ്രവർത്തകരും അന്തരിച്ചു. എന്നാൽ ചെറുപ്പക്കാരായ സഹപ്രവർത്തകരുമായി ബന്ധം സ്ഥാപിക്കാൻ സഹായിക്കുന്ന തരത്തിലുള്ള ഒന്നാണ് എന്റെ ജോലി എന്നത് ഒരു ഭാഗ്യമാണ്.” തങ്ങളുടെ കൂടെയുള്ളവർക്കൊപ്പം അത്താഴം കഴിക്കുക എന്നൊരു ശീലവും താനും ഭാര്യയും വളർത്തിയെടുത്തിട്ടുണ്ടെന്നും ഡോക്ടർ പറഞ്ഞു.
തലച്ചോറിന്റെ പ്രവർത്തനത്തെ പോസിറ്റീവ് ആയി സ്വാധീനിക്കുന്ന മറ്റൊരു ഘടകമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് വായനയാണ്.
“ന്യൂറോളജിയിലെ ഏറ്റവും പുതിയ പുരോഗതികളെക്കുറിച്ചും ചികിത്സകളെക്കുറിച്ചും ഞാൻ വായിക്കുന്നില്ലെങ്കിൽ, ജീവചരിത്രങ്ങളും ഡിറ്റക്ടീവ് സ്റ്റോറികളും വായിക്കാൻ ഞാൻ സമയം ചെലവിടുന്നു.”
ഒരു നല്ല പുസ്തകത്തിൽ മുഴുകുന്നതിലൂടെ പുതിയ വിവരങ്ങൾ തലച്ചോറിൽ ശേഖരിക്കപ്പെടുന്നുണ്ടെന്നും അത് തലച്ചോറിനെ ഷാർപ്പ് ആക്കി വയ്ക്കുമെന്നും അദ്ദേഹം പറയുന്നു.