വീട്ടു ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നത് അംഗീകൃത ഏജൻസി വഴി മാത്രം; യുഎഇയിൽ 102 അംഗീകൃത ഏജൻസികൾ

ദുബായ്: രാജ്യത്തെ 102 അംഗീകൃത ഏജൻസികൾ വഴി മാത്രമേ വിദേശത്ത് നിന്ന് വീട്ടുജോലിക്ക് ആളെ എടുക്കാൻ കഴിയൂവെന്ന് മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. റിക്രൂട്ടിംഗ് ഏജൻസികൾക്കും വീട്ടുജോലിക്കാർക്കും തൊഴിലുടമകൾക്കും പുതിയ മാർഗനിർദേശം ബാധകമാണ്. 3 വിഭാഗങ്ങളും പരസ്പരം തൊഴിൽ അവകാശങ്ങൾ അംഗീകരിക്കണം.

അബുദാബി സിറ്റി പരിധിയിൽ മാത്രം 18 റിക്രൂട്ടിംഗ് ഓഫീസുകളുണ്ട്. അൽ ദഫ്രയിൽ ഒരു ഓഫീസും അൽ ഐനിൽ 16 ഓഫീസുകളുമുണ്ട്. ദുബായ് എമിറേറ്റിൽ 28 റിക്രൂട്ടിംഗ് ഓഫീസുകളുണ്ട്. ഷാർജയിൽ 5, കൽബയിൽ 1, ഖോർഫുഖാനിൽ 1, അജ്മാനിൽ 14, ഉമ്മുൽ ഖുവൈനിൽ 1, റാസൽഖൈമയിൽ 11, ഫുജൈറയിൽ 4, ദിബ്ബയിൽ 1, മസാഫിയിൽ 1 എന്നിങ്ങനെയാണ് അംഗീകൃത ഓഫീസുകളുടെ എണ്ണം.

ഇവരുടെ പ്രവർത്തനങ്ങൾ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. നിയമം ലംഘിച്ച് ഏതെങ്കിലും ഓഫീസ് പ്രവർത്തിച്ചാൽ അനുമതി റദ്ദാക്കും. അംഗീകൃത റിക്രൂട്ടിംഗ് ഓഫീസുകളുടെ വിശദാംശങ്ങൾക്ക് www.mohre.gov.ae എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വീട്ടുജോലിക്കാരെ നിയമവിരുദ്ധമായി നിയമിച്ചാൽ തൊഴിലുടമകൾക്ക് നിയമപരമായ പരിരക്ഷ ലഭിക്കില്ല.

2022ലെ മന്ത്രിസഭാ തീരുമാനമനുസരിച്ച് ഏജൻസികളുടെ ഓരോ നിയമലംഘനത്തിനും 2000 ദിർഹമാണ് പിഴ. മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ റിക്രൂട്ടിംഗ് രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും 10,000 ദിർഹം പിഴ ചുമത്തും. രാജ്യത്തിന് പുറത്തുള്ള ഇടപാടുകൾക്ക് മന്ത്രാലയം വിലക്കിയ സ്ഥാപനങ്ങളുമായോ ഓഫീസുകളുമായോ ഇടപാട് നടത്തിയാലും 10,000 ദിർഹമാണ് പിഴ. റിക്രൂട്ടിംഗിന് അധിക തുക ഈടാക്കിയാൽ ഏജൻസികൾക്ക് 5000 ദിർഹം പിഴ. റിക്രൂട്ടിംഗ് സ്ഥാപനങ്ങൾക്കെതിരെ പരാതിയുണ്ടെങ്കിൽ 600590000 എന്ന നമ്പറിൽ മന്ത്രാലയത്തെ അറിയിക്കാം.

More Stories from this section

family-dental
witywide