കാനഡയില്‍ വിവാഹ ചടങ്ങിനിടെ വെടിവയ്പ്: രണ്ട് പേര്‍ കൊല്ലപ്പെട്ടു, ആറ് പേര്‍ക്ക് പരിക്ക്

ഒട്ടാവ: കാനഡയിലെ ഒട്ടാവയില്‍ വിവാഹ ചടങ്ങിനിടെയുണ്ടായ വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. റിസപ്ഷൻ ഹാളിന് പുറത്ത് പാർക്കിങ് ഗ്രൌണ്ടിലാണ് വെടിവയ്പുണ്ടായത്.

ശനിയാഴ്ച രാത്രിയാണ് സംഭവം. സൗത്ത് എൻഡ് കൺവെൻഷൻ ഹാളിന്റെ പാർക്കിങ് ഗ്രൗണ്ടില്‍ നിന്നാണ് വെടിയൊച്ച കേട്ടത്. ഒരേസമയം അവിടെ രണ്ട് വ്യത്യസ്ത വിവാഹ സത്കാരങ്ങൾ നടക്കുന്നുണ്ടായിരുന്നു. ഞെട്ടിപ്പോയ ആളുകള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു.

“പെട്ടെന്നാണ് വെടിയൊച്ച കേട്ടത്. പിന്നാലെ നിലവിളി ഉയര്‍ന്നു. കുറച്ചു സമയത്തിനു ശേഷം വീണ്ടും വെടിയൊച്ച കേട്ടു. 15-16 തവണയെങ്കിലും അക്രമി വെടിവച്ചു. രക്ഷപ്പെടാന്‍ ആളുകള്‍ പരക്കം പായുകയായിരുന്നു”- സംഭവ സ്ഥലത്തുണ്ടായിരുന്ന നിക്കോ പറഞ്ഞു.

ടൊറന്‍റോ സ്വദേശികളായ രണ്ട് യുവാക്കളാണ് കൊല്ലപ്പെട്ടതെന്ന് ഒട്ടാവ പൊലീസ് പറഞ്ഞു. 26ഉം 29ഉം വയസ്സുള്ള രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റ ആറ് പേരിൽ അമേരിക്കന്‍ പൌരന്മാരും ഉണ്ടെന്നും ആരുടെയും നില ഗുരുതരമല്ലെന്നും പൊലീസ് പറഞ്ഞു.

ആരാണ് അക്രമിയെന്നോ എന്തിനാണ് ആക്രമണം നടത്തിയതെന്നോ വ്യക്തമായിട്ടില്ല. വംശീയതയുടെയോ മതത്തിന്‍റെയോ പേരിലുള്ള വിദ്വേഷക്കൊലയാണോ നടന്നതെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് ഇൻസ്പെക്ടർ മാർട്ടിൻ ഗ്രൗൾക്സ് പറഞ്ഞു. ഇക്കാര്യം ഉള്‍പ്പെടെ പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

ഒട്ടാവയില്‍ ഈ വര്‍ഷം ഇതുവരെ 12 പേരാണ് വിവിധ സംഭവങ്ങളിലായി കൊല്ലപ്പെട്ടത്. കാനഡയിലെ നഗരങ്ങളിൽ സമീപ വർഷങ്ങളിൽ തുടർച്ചയായ വെടിവയ്പുകൾക്കൊപ്പം സായുധ അക്രമങ്ങളും വര്‍ധിച്ചതായി സര്‍ക്കാര്‍ പറയുന്നു. തോക്ക് ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളിൽ 2009 മുതൽ കാനഡയില്‍ 81 ശതമാനം വർധനയുണ്ടായെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

More Stories from this section

dental-431-x-127
witywide