ടെക്സസിൽ ഇന്ത്യൻ വംശജനെ കൊലപ്പെടുത്തി കവർച്ച നടത്തിയ പ്രതിയെ പിടികൂടി

ഡാളസ്: നോർത്ത് ടെക്‌സസിൽ കവർച്ചക്കിടെ ഒരു ഇന്ത്യൻ വംശജൻ ഉൾപ്പെടെ രണ്ട് കൺവീനിയൻസ് സ്റ്റോർ ക്ലർക്കുമാരുടെ കൊലപാതകങ്ങൾക്ക് ഉത്തരവാദിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 21 കാരനായ ദാവോന്ത മാത്തിസാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ വാരാന്ത്യത്തിൽ പ്ലസൻ്റ് ഗ്രോവിൽ ഒരു ഗ്യാസ് സ്റ്റേഷൻ ക്ലർക്കിനെ കൊള്ളയടിച്ച് കൊലപ്പെടുത്തിയതിനും ജൂൺ 20 ന് മെസ്‌കൈറ്റിൽ മറ്റൊരു ഗ്യാസ് സ്റ്റേഷൻ ക്ലർക്കിനെ കൊലപ്പെടുത്തിയതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ലേക്ക് ജൂൺ റോഡിലെ ഫോക്സ് ഗ്യാസ് സ്റ്റേഷനിൽ ശനിയാഴ്ച പുലർച്ചെയാണ് കവർച്ച നടന്നത്. മാത്തിസ് അകത്ത് കടന്ന് കൗണ്ടറിന് സമീപമെത്തി ഇന്ത്യൻ വംശജനായ ഗോപികൃഷ്ണ ദാസരിയെ വെടിവയ്ക്കുകയായിരുന്നു. ആന്ധ്രാപ്രദേശിലെ ബപട്‌ല സ്വദേശിയാണ് കൊല്ലപ്പെട്ട 32കാരനായ ഗോപികൃഷ്ണ. ഗോപികൃഷ്ണയെ വെടിവച്ചതിന് ശേഷം ഇയാൾ മോഷണം നടത്തി സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. ഗുരുതരാവസ്ഥയിലായിരുന്ന ഗോപികൃഷ്ണയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോസ്റ്റ്മോര്‍ട്ടവും മരണ സര്‍ട്ടിഫിക്കറ്റുകളും ഉള്‍പ്പെടെയുള്ള പ്രാദേശിക നടപടിക്രമങ്ങള്‍ക്ക് ശേഷം ഗോപീകൃഷ്ണയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിന് സാധ്യമായ എല്ലാ സഹായവും ഇന്ത്യന്‍ അസോസിയേഷനുകളുടെ പിന്തുണയോടെ കോണ്‍സുലേറ്റ് നല്‍കുന്നതായി അറിയിച്ചിട്ടുണ്ട്.