മനാമ : ബഹ്റൈനിലെ പ്രസിദ്ധമായ മനാമ സൂഖിലെ 200 വർഷം പഴക്കമുള്ള ശ്രീകൃഷ്ണ ക്ഷേത്രം (ശ്രീനാഥ്‌ജി ടെമ്പിൾ) നവീകരിക്കുന്നു. 1817 ൽ നിർമിച്ച ക്ഷേത്രം ഇപ്പോൾ ഏകദേശം 10 ലക്ഷം ദീനാർ ചെലവഴിച്ചാണ് നവീകരിക്കുന്നത്. ക്ഷേത്രത്തിന് പ്രത്യേക പദവി നൽകിക്കൊണ്ട് ഭവന – നഗരാസൂത്രണ മന്ത്രി അംന അൽ റൊമൈഹി ഉത്തരവിട്ടു. .
സാധാരണ കെട്ടിടം നിർമ്മിക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങളിൽ നിന്ന് വ്യത്യസ്തമായി ക്ഷേത്രത്തിന്റെ കെട്ടിടത്തിന് ഇളവ് ലഭിക്കും. ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഭൂമിക്ക് റോഡ്, കാർ പാർക്കിങ് നിയന്ത്രണങ്ങൾ ബാധിക്കാത്ത രീതിയിൽ മാറ്റങ്ങൾ വരുത്താൻ ക്യാപിറ്റൽ ട്രസ്റ്റി ബോർഡും അംഗീകാരം നൽകിയിരുന്നു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രത്തിന്റെ നവീകരണത്തിന് തുടക്കം കുറിച്ചത്. ക്ഷേത്ര പുനരുദ്ധാരണത്തിനുള്ള പദ്ധതികൾ അന്ന് ആസുത്രണം ചെയ്തിരുന്നെങ്കിലും കോവിഡിനെത്തുടർന്ന് പ്രവർത്തനങ്ങൾ സ്തംഭിക്കുകയായിരുന്നു. 45,000 ചതുരശ്ര അടി സ്ഥലത്താണ് പുതുതായി മൂന്ന് നില കെട്ടിടം നിർമിക്കുന്നത് എന്ന് തട്ടായി ഹിന്ദു മർച്ചന്റ്സ് കമ്മ്യൂണിറ്റിപ്രതിനിധികൾ പറഞ്ഞു. ഭക്തർക്ക് ആതിഥ്യമരുളാനും കൂടുതൽ പുരോഹിതരെ ഉൾക്കൊള്ളാനും പ്രത്യേക സൗകര്യം ഉണ്ടായിരിക്കുമെന്നും ഇവർ പറഞ്ഞു. ഹിന്ദു വിവാഹങ്ങൾ നടത്താനുള്ള സൗകര്യവും ക്ഷേത്രത്തിലുണ്ടാകും.ക്ഷേത്രത്തിനോട് ചേർന്ന് ഒരു വിജ്ഞാന കേന്ദ്രവും മ്യൂസിയവും ഉണ്ടാകും.
ഇന്ത്യ വിഭജനത്തിനുമുമ്പ് സിന്ധ് പ്രവിശ്യയിൽനിന്ന് ബഹ്റൈനിലെത്തിയ തട്ടായി ഹിന്ദു സമുദായമാണ് ക്ഷേത്രം സ്ഥാപിച്ചത്. തട്ടായി ഹിന്ദു മർച്ചന്റ്സ് കമ്മ്യൂണിറ്റിയും തട്ടായി ഹിന്ദു കമ്മ്യൂണിറ്റിയുമാണ് ക്ഷേത്രത്തിന്റെ നടത്തിപ്പ് ചുമതലകൾ നിർവഹിക്കുന്നത്. മലയാളികൾ അടക്കമുള്ള നൂറുകണക്കിന് വിശ്വാസികൾ പ്രതിദിനം ദർശനം നടത്തുന്ന ക്ഷേത്രമാണിത്.