
മസ്കറ്റ്: ഒമാനിലെ അൽവുസ്ത ഗവർണറേറ്റിലെ ദുഖ് ഹം തീരത്തോട് ചേർന്നുണ്ടായ എണ്ണക്കപ്പൽ അപകടത്തിൽ ഒരാൾ മരണപ്പെടുകയും ഒമ്പതുപേരെ രക്ഷപ്പെടുത്തുകയും ചെയ്തതായി ഒമാൻ മരിടൈം സെക്യൂരിറ്റി സെന്റർ അറിയിച്ചു. മരണപ്പെട്ടയാൾ ഏത് രാജ്യക്കാരനാണെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.
രക്ഷപ്പെടുത്തിയവരിൽ എട്ടുപേർ ഇന്ത്യക്കാരാണണെന്ന് മസ്കറ്റ് ഇന്ത്യൻ എംബസി അറിയിച്ചു. ശ്രീലങ്കന്‍ സ്വദേശിയാണ് രക്ഷപ്പെട്ട മറ്റൊരാള്‍. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. ഒമാൻ അധികൃതരുമായി ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്. ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ് തേജും വ്യോമനിരീക്ഷണത്തിന് പി-81 വിമാനവും രക്ഷാ പ്രവർത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്.
ദുഖ് ഹം വിലായത്തിലെ റാസ് മദ്രാക്കയിൽ നിന്ന് 25 നോട്ടിക്കൽ മൈൽ (28.7 മൈൽ) തെക്കുകിഴക്കായാണ് തിങ്കളാഴ്ച എണ്ണക്കപ്പൽ മറിയുന്നത്. യമനിലെ ഏദൻ തുറമുഖത്തേക്ക് പോവുകയായിരുന്ന പ്രസ്റ്റീജ് ഫാൽക്കൺ ആണ് അപകടത്തിൽപ്പെടുന്നത്. 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കൻ പൗരന്മാരും ഉൾപ്പെടെ 16 പേരാണ് കപ്പലിലുണ്ടായിരുന്നത്.















