
ന്യൂ ഡെല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയിലെ നന്ദേഡിലുള്ള ശങ്കര്‍റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 12 നവജാതശിശുക്കളടക്കം 24 രോഗികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ആശുപത്രി ജീവനക്കാരുടെ കുറവും മരുന്നുകളുടെ ലഭ്യതക്കുറവുമാണ് മരണങ്ങള്‍ക്ക് കാരണമെന്ന് ആശുപത്രി ഡീന്‍ പറഞ്ഞു. വിവിധ അസുഖങ്ങള്‍ ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയവരാണ് ഒറ്റ ദിവസം മരണപ്പെട്ടത്. ഇതില്‍ കൂടുതല്‍ പേരും പാമ്പുകടിയേറ്റ് ചികിത്സയ്‌ക്കെത്തിയതായിരുന്നു.
മരണപ്പെട്ട നവജാത ശിശുക്കളില്‍ ആറുപേര്‍ പെണ്‍കുട്ടികളും ആറുപേര്‍ ആണ്‍കുട്ടികളുമാണ്. പ്രദേശത്തെ എണ്‍പത് കിലോമീറ്റര്‍ ചുറ്റളവിലുള്ള ഒരേയൊരു ആശുപത്രിയാണിത്. മിക്ക ദിവസങ്ങളിലും ദൂരെ സ്ഥലങ്ങളില്‍ നിന്നടക്കം രോഗികള്‍ ഇവിടേക്കെത്തുന്നു. ചില ദിവസങ്ങളില്‍ രോഗികളുടെ ക്രമാതീതമായ എണ്ണം ചികിത്സ ലഭ്യമാക്കുന്നതിനെ മോശമായി ബാധിക്കാറുണ്ടെന്നും ആശുപത്രി ഡീന്‍ പറഞ്ഞു.
മരണത്തെ നിര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ ആശുപത്രിയില്‍ എന്താണ് സംഭവിച്ചതെന്ന് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുമെന്നും നടപടിയെടുക്കുമെന്നും മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം ട്രിപ്പിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ (ബിജെപി, ഏകനാഥ് ഷിന്‍ഡെ വിഭാഗം, എന്‍സിപിയുടെ അജിത് പവാര്‍ വിഭാഗം) ഈ ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ പ്രതിപക്ഷം സംസ്ഥാനത്തെ ഏകനാഥ് ഷിന്‍ഡെ സര്‍ക്കാരിനെതിരെ സമ്പൂര്‍ണ ആക്രമണം അഴിച്ചുവിട്ടു.
24 ജീവനുകളാണ് നഷ്ടപ്പെട്ടത്. എഴുപത് പേരുടെ നില ഇപ്പോഴും ഗുരുതരമാണ്. ആശുപത്രിയില്‍ മെഡിക്കല്‍ സൗകര്യങ്ങളുടെയും ജീവനക്കാരുടെയും അഭാവമുണ്ട്. നിരവധി നഴ്‌സുമാരെ ഇവിടെ നിന്ന് സ്ഥലം മാറ്റിയെങ്കിലും അവര്‍ക്ക് പകരക്കാരെ നിയമിച്ചിട്ടില്ല. പല മെഷീനുകളും പ്രവര്‍ത്തിക്കുന്നില്ല. 500 ബെഡാണ് ആശുപത്രിയുടെ ശേഷി. എന്നാല്‍ 1,200 രോഗികളെങ്കിലും ഇവിടെയെത്തുന്നു. ഈ വിഷയത്തില്‍ അജിത് പവാറുമായി സംസാരിക്കും. സര്‍ക്കാര്‍ വിഷയം സൂക്ഷ്മമായി പരിശോധിച്ച് സ്ഥിതിഗതികള്‍ നിയന്ത്രിക്കണമെന്നും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ അശോക് ചവാന്‍ ഇന്ന് ആശുപത്രി സന്ദര്‍ശിച്ച ശേഷം പറഞ്ഞു.