
മുംബൈ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വീണ്ടും കൂട്ടമരണം. ഛത്രപതി സംപാജിനഗര്‍ (ഔറംഗബാദ്) ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് 24 മണിക്കൂറിനിടെ 14 പേര്‍ മരിച്ചത്. ഇതില്‍ രണ്ട് നവജാത ശിശുക്കളും ഉള്‍പ്പെടുന്നു. കഴിഞ്ഞ ദിവസം നന്ദേഡിലുള്ള ശങ്കര്‍റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 48 മണിക്കൂറില്‍ 31 മരണം റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് സംസ്ഥാനത്തു തന്നെ മറ്റൊരു സര്‍ക്കാര്‍ ആശുപത്രിയിലും 14 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തത്.
മരണത്തില്‍ അസ്വാഭാവികത ഒന്നുമില്ലെന്നാണ് ആശുപത്രി ആധികൃതരുടെ പ്രതികരണം. മരുന്നുകളുടെ ലഭ്യതക്കുറവാണ് രോഗികള്‍ മരണപ്പെടാന്‍ കാരണമായതെന്ന വാദം ആശുപത്രി ഡീന്‍ സഞ്ജയ് റാത്തോഡ് തള്ളി. ദിവസം ഇരുന്നൂറോളം രോഗികളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നുണ്ടെന്നും അവരില്‍ പലരും ഗുതരാവസ്ഥയിലുള്ളവരാണെന്നും ആശുപത്രി ഡീന്‍ പറഞ്ഞു. അതുപ്രകാരം 14 പേരുടെ മരണത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്രയിലെ നന്ദേഡിലുള്ള ശങ്കര്‍റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 24 മണിക്കൂറിനുള്ളില്‍ 12 നവജാതശിശുക്കളടക്കം 24 രോഗികള്‍ മരിച്ചതായി റിപ്പോര്‍ട്ട് പുറത്തു വന്നത്. തൊട്ടുപിന്നാലെ ഏഴ് പേര്‍ കൂടി മരിച്ചതോടെ 48 മണിക്കൂറിനുള്ളില്‍ മരിച്ചവരുടെ എണ്ണം 31 ആയി ഉയര്‍ന്നിരുന്നു. രണ്ടാമതായി മരിച്ച ഏഴ് പേരില്‍ നാല് പേരും കുട്ടികളാണ്. ആശുപത്രി ജീവനക്കാരുടെ കുറവും മരുന്നുകളുടെ ലഭ്യതക്കുറവുമാണ് മരണങ്ങള്‍ക്ക് കാരണമെന്ന് ആശുപത്രി ഡീന്‍ പറഞ്ഞു. വിവിധ അസുഖങ്ങള്‍ ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയവരാണ് ഒറ്റ ദിവസം മരണപ്പെട്ടത്. ഇതില്‍ കൂടുതല്‍ പേരും പാമ്പുകടിയേറ്റ് ചികിത്സയ്ക്കെത്തിയതായിരുന്നു.
മരണപ്പെട്ട നവജാത ശിശുക്കളില്‍ ആറുപേര്‍ പെണ്‍കുട്ടികളും ആറുപേര്‍ ആണ്‍കുട്ടികളുമാണ്. പ്രദേശത്തെ എണ്‍പത് കിലോമീറ്റര്‍ ചുറ്റളവിലുള്ള ഒരേയൊരു ആശുപത്രിയാണിത്. മിക്ക ദിവസങ്ങളിലും ദൂരെ സ്ഥലങ്ങളില്‍ നിന്നടക്കം രോഗികള്‍ ഇവിടേക്കെത്തുന്നു. ചില ദിവസങ്ങളില്‍ രോഗികളുടെ ക്രമാതീതമായ എണ്ണം ചികിത്സ ലഭ്യമാക്കുന്നതിനെ മോശമായി ബാധിക്കാറുണ്ടെന്നും ആശുപത്രി ഡീന്‍ പറഞ്ഞിരുന്നു.














