പൊലീസ് പിന്തുടര്‍ന്ന കാര്‍ മറിഞ്ഞ് വിദ്യാര്‍ഥി മരിച്ച സംഭവം: 3 പൊലീസുകാര്‍ക്ക് സ്ഥലംമാറ്റം

കാസര്‍കോട്: കാസര്‍കോട് കുമ്പളയില്‍ പൊലീസ് സാഹസികമായി പിന്തുടര്‍ന്ന കാര്‍ മറിഞ്ഞ് പ്ളസ് ടു വിദ്യാര്‍ഥിയായ മുഹമ്മദ് ഫറാസ് മരിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്ക് എതിരെ നടപടി. എസ്ഐ രജിത്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ദീപു, ര‍ഞ്ജിത് എന്നിവരെ സ്ഥലം മാറ്റി. തൊട്ടടുത്ത പ്രദേശമായ കാഞ്ഞങ്ങാട് ഹൈവേ പൊലീസിലേക്കാണ് മാറ്റം.

കാര്‍ അപകടവുമായി ബന്ധപ്പെട്ട് വലിയ ആരോപണങ്ങളാണ് പൊലീസിന് എതിരെ ഉയരുന്നത്. പൊലീസിനെതിരെ നരഹത്യയ്ക്ക് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് അടക്കമുള്ള സംഘടനകള്‍ രംഗത്തുവന്നു. പൊലീസ് സ്റ്റേഷന്‍ ഉപരോധം അടക്കം വന്‍ പ്രതിഷേധത്തിന് കുമ്പള സാക്ഷിയായി.

ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ടെന്നും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ പൊലീസുകാര്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി മരിച്ച കുട്ടിയുടെ ഉമ്മയ്ക്ക് ഉറപ്പു നല്‍കി.

കഴിഞ്ഞ വെള്ളിയാഴ്ച സ്കൂളിലെ ഓണഘോഷ പരിപാടി കഴിഞ്ഞ് കാറില്‍ വിദ്യാര്‍ഥികള്‍ പോകവെ, വഴിയില്‍ വച്ച് കാറ് നിര്‍ത്താന്‍ ആവശ്യപ്പെട്ടെന്നും നിര്‍ത്താതെ പോയപ്പോള്‍ പിന്തുടരുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. വിദ്യാര്‍ഥികള്‍ സഞ്ചരിച്ചകാറും പിന്തുടര്‍ന്ന പൊലീസ് വണ്ടിയും മരണവേഗത്തില്‍ ഏതാണ്ട് 6 കിലോമീറ്റര്‍ ദൂരം പാഞ്ഞു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്, എന്നാല്‍ തങ്ങള്‍ സ്കൂളില്‍നിന്ന് ഇറങ്ങുമ്പോള്‍ തന്നെ പൊലീസ് വന്ന് തങ്ങളുടെ കാറില്‍ ചവിട്ടിയെന്നും ഭയന്നുവിറച്ച് വണ്ടി പായിച്ചതാണെന്നും കൂട്ടത്തില്‍ ഒരാള്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നു എന്നും കുട്ടികള്‍ പറയുന്നു. പൊലീസ് മദ്യ ലഹരിയിലായിരുന്നു എന്നും കുട്ടികള്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ മറ്റ് നിയമപരമായ മാര്‍ഗങ്ങള്‍ ഉണ്ടായിരിക്കെ സിനിമ സ്റ്റൈലില്‍ ചേസ് ചെയ്ത് കുട്ടികളെ അപകടത്തില്‍പ്പെടുത്തിയെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.