മയാമി: സൗത്ത് ഫ്ലോറിഡ ഡോറലിലെ തടാകത്തിൽ നിന്ന് മുപ്പതിലധികം കാറുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ഇന്‍ഷുറന്‍സ് തട്ടിപ്പ് അടക്കം സാധ്യതകള്‍ പരിശോധിച്ച് അന്വേഷണ സംഘം. ഓഗസ്റ്റ് 8ന് ഒരു തിരോധാന കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് തടാകത്തില്‍ മുങ്ങിയ നിലയില്‍ വാഹനങ്ങള്‍ കണ്ടെത്തിയത്. മയാമി-ഡേഡ് പൊലീസ് ഡിപ്പാർട്ട്മെന്റുകളുടെ മേല്‍നോട്ടത്തില്‍ നടത്തിയ പരിശോധനയില്‍ 32 കാറുകളാണ് തടാകത്തില്‍ നിന്ന് വീണ്ടെടുത്തത്.
മയാമി ഇന്റർനാഷണൽ എയർപോർട്ടില്‍ നിന്ന് ബന്ധുവിനെ കൂട്ടികൊണ്ടുവരാന്‍ പോയ പോയ വ്യക്തിയെ കാണാതായെന്ന പരാതിയാണ് തുടർന്നുള്ള സംഭവ വികാസങ്ങളിലേക്ക് നയിച്ചത്. എയർപോർട്ടിലേക്കുള്ള ഏളുപ്പവഴിയില്‍ സ്ഥിതി ചെയ്യുന്ന തടാകത്തിലേക്ക് കാണാതായ വ്യക്തിയുടെ വാഹനം വീണിരിക്കാനുള്ള സാധ്യത പരിശോധിക്കുകയായിരുന്നു പൊലീസ്.
മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിലില്‍ ഒന്നിലധികം വാഹനങ്ങള്‍ കണ്ടെത്തിയതോടെയാണ് രാത്രി മുഴുവന്‍ നീണ്ട നടപടികളിലേക്ക് പൊലീസ് കടന്നത്. കാറുകളില്‍ നിന്ന് മൃതദേഹങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് മയാമി-ഡേഡ് പൊലീസ് വക്താവ് അൽവാരോ സബലെറ്റ അറിയിച്ചു. കണ്ടെത്തിയ വാഹനങ്ങളില്‍ ഭൂരിഭാഗവും പഴയ മോഡല്‍ കാറുകളാണ്. 1996 -ല്‍ മോഷ്ടിക്കപ്പെട്ട കാറുള്‍പ്പടെ തടാകത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഉപേക്ഷിച്ച കാറുകളോ ഇന്‍ഷുറന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട വ്യാജ അപകടങ്ങളോ ആയിരിക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.