ഗാസയിൽ വെടിനിർത്തൽ ഇന്ന് അവസാനിക്കുന്നു, 40 ഇസ്രയേൽ ബന്ദികളെ ഇതുവരെ മോചിപ്പിച്ചു

ഗാസയിൽ ഇസ്രയേൽ സമ്മതിച്ച വെടിനിർത്തൽ ഇന്ന് അവസാനിക്കും.17 ബന്ദികളെ കൂടി ഹമാസ് ഇന്നലെ വിട്ടയച്ചു. മൂന്ന് വിദേശ പൗരരെയും 14 ഇസ്രയേലികളേയും ഞായറാഴ്ച വൈകിട്ട്‌ റെഡ്‌ ക്രോസിന്‌ കൈമാറി. റെഡ്‌ ക്രോസ്‌ ഇവരെ റാഫ അതിർത്തിവഴി ഈജിപ്തിൽ എത്തിച്ചു. തുടർന്ന് ഇസ്രയേൽ പട്ടാളത്തിന് കൈമാറി. ആദ്യ രണ്ടുദിനങ്ങളിലായി ഇസ്രയേലുകാരായ 26 ബന്ദികളെ ഹമാസ്‌ മോചിപ്പിച്ചിരുന്നു. ഞായറാഴ്ചത്തെ കൈമാറ്റത്തോടെ ഇത്‌ 40 ആയി. ശനിവരെ 78 പലസ്തീൻകാരെ ഇസ്രയേലും മോചിപ്പിച്ചു.

ആക്രമണത്തിൽ പിടിച്ചെടുത്ത 240 ബന്ദികളിൽ 50 പേരെ ഹമാസും, വർഷങ്ങളായി തടവിൽ കഴിയുന്ന 150 പലസ്തീൻകാരെ ഇസ്രയേലും വിട്ടയക്കുമെന്നായിരുന്നു ഖത്തറിന്റെ മാധ്യസ്ഥ്യത്തിൽ നടന്ന ചർച്ചയിലെ ധാരണ.

നാലുദിവസത്തിനുശേഷം വിട്ടയക്കുന്ന പത്ത്‌ ബന്ദികൾക്ക്‌ ഒരു ദിവസം എന്ന കണക്കിൽ വെടിനിർത്തൽ നീട്ടുമെന്ന്‌ ഇസ്രയേൽ മുമ്പ്‌ സമ്മതിച്ചിരുന്നു. കൂടുതൽ സഹായമെത്തിക്കുന്നതുൾപ്പെടെയുള്ള ചർച്ചകൾ പുരോഗമിക്കുന്നതായാണ്‌ ഈജിപ്ത്‌ അറിയിച്ചിരിക്കുന്നത്‌. എന്നാൽ ഇത് സംബന്ധിച്ച് ഒരു തീരമാനവും വന്നിട്ടില്ല.

എന്നാൽ, ഡ്രോൺ പറത്തുന്ന സമയത്തിലും കുറവുവരുത്തിയില്ല, വടക്കൻ ഗാസയിലേക്ക്‌ കൂടുതൽ സഹായം എത്തിച്ചില്ല എന്നിങ്ങനെ ധാരണയിൽ ലംഘനമുണ്ടായത്‌ ഹമാസിനെ പ്രകോപിപ്പിക്കുന്നുണ്ട്‌.

ഇതേച്ചൊല്ലി ശനിയാഴ്ച ബന്ദി കൈമാറ്റം വൈകിയിരുന്നു.
അതിനിടെ, ഞായറാഴ്ച മധ്യ ഗാസയിലെ മഗാസി അഭയാർഥി ക്യാമ്പ്‌ ആക്രമിച്ച ഇസ്രയേൽ സൈന്യം പലസ്തീൻ കർഷകനെ വെടിവച്ച്‌ കൊന്നു. വെടിനിർത്തൽ യുദ്ധത്തിന്റെ അവസാനമല്ലെന്നും ഹമാസുമായി നിരന്തര വെടിനിർത്തൽ സാധ്യമല്ലെന്നും ഇസ്രയേൽ മന്ത്രി അമിചായ്‌ ചിക്‌ലി പറഞ്ഞു. വെടിനിർത്തലിനുശേഷമുള്ള ദിനങ്ങൾ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന സൂചനയാണ്‌ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും നൽകുന്നത് .

40 Israeli Captives were released till now

More Stories from this section

family-dental
witywide