മിഷിഗൺ സിനഗോഗിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി ആക്രമണം: ലെബനൻ വംശജനായ അക്രമിയെ വെടിവെച്ചുകൊന്നു; ‘ഭയാനകമെന്ന് ട്രംപ്, ജൂതസമൂഹത്തിന് ഐക്യദാർഢ്യം

മിഷിഗൺ: അമേരിക്കയിലെ മിഷിഗണിൽ ജൂത ആരാധനാലയമായ (സിനഗോഗ്) ടെമ്പിൾ ഇസ്രായേലിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി ആക്രമണം നടത്തിയ പ്രതി കൊല്ലപ്പെട്ടു. വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12.20-ഓടെയാണ് (ഇന്ത്യൻ സമയം രാത്രി 9.50) സംഭവം. 41 വയസ്സുകാരനായ അയ്മൻ മുഹമ്മദ് ഗസാലിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പ്രതി വാഹനത്തിനുള്ളിൽ മരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് ഓക്‌ലാൻഡ് കൗണ്ടി ഷെരീഫ് മൈക്കൽ ബൗച്ചാർഡ് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റാണോ അതോ സ്വയം വെടിവെച്ചതാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

സ്ഫോടകവസ്തുക്കളും ആയുധങ്ങളുമായി എത്തിയ പ്രതി തൻ്റെ ട്രക്ക് സിനഗോഗിൻ്റെ പ്രധാന വാതിലുകൾ തകർത്ത് അകത്തേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. തുടർന്ന് വാഹനത്തിന് തീപിടിക്കുകയും വലിയ തോതിൽ പുക ഉയരുകയും ചെയ്തു. ആയുധധാരിയായ ഇയാളെ സിനഗോഗിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ആക്രമണ സമയത്ത് സിനഗോഗിനോട് ചേർന്നുള്ള പ്രീ-സ്കൂളിൽ എഴുപതോളം കുട്ടികൾ ഉണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കേറ്റില്ല. കുട്ടികളെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. ഏറ്റുമുട്ടലിനിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്.

ലെബനൻ വംശജനായ പ്രതി 2011-ലാണ് അമേരിക്കയിലെത്തിയത്. മിഷിഗണിലെ ഡിയർബോൺ ഹൈറ്റ്‌സിലെ താമസക്കാരനായിരുന്ന ഇദ്ദേഹം അവിടെയുള്ള ഒരു റെസ്റ്റോറന്റിൽ ജോലി ചെയ്തിരുന്നു. ഏകദേശം 10 ദിവസം മുമ്പ് ലെബനനിലെ തൻ്റെ ഗ്രാമത്തിലുണ്ടായ വ്യോമാക്രമണത്തിൽ ഗസാലിയുടെ രണ്ട് സഹോദരന്മാരും അവരുടെ രണ്ട് മക്കളും കൊല്ലപ്പെട്ടതായി പറയപ്പെടുന്നു. ഈ ആഘാതത്തിലായിരുന്നു ഇദ്ദേഹമെന്ന് സുഹൃത്തുക്കൾ വെളിപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ ആക്രമണത്തിൽ അദ്ദേഹത്തിന്റെ ഒരു സഹോദരഭാര്യയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതാകാം ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ എഫ്.ബി.ഐ വിശദമായ അന്വേഷണം ആരംഭിച്ചു. ഇതൊരു ഭീകരാക്രമണമായാണ് അധികൃതർ കണക്കാക്കുന്നത്.

ലെബനനിൽ ജനിച്ച ഗസാലി, ഡെട്രോയിറ്റ് മെട്രോപൊളിറ്റൻ വിമാനത്താവളം വഴിയാണ് രാജ്യത്ത് പ്രവേശിച്ചത്. 2009 ഡിസംബറിൽ വിസയ്ക്ക് അപേക്ഷിക്കുകയും 2010 ഏപ്രിലിൽ അത് അനുവദിക്കപ്പെടുകയും ചെയ്തു. 2016 ഫെബ്രുവരിയിലാണ് ഇദ്ദേഹത്തിന് പൗരത്വം ലഭിച്ചത്.

ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് രംഗത്തെത്തി. സംഭവത്തെ “ഭയാനകം” എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ജൂതസമൂഹത്തിന് തൻ്റെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും വാഗ്ദാനം ചെയ്തു.

വൈറ്റ് ഹൗസിൽ നടന്ന ഒരു ചടങ്ങിനിടെയാണ് ട്രംപ് സംഭവത്തിൽ പ്രതികരിച്ചത്. “ഇത് അങ്ങേയറ്റം ദുഃഖകരമായ കാര്യമാണ്. മിഷിഗണിലെയും ഡെട്രോയിറ്റിലെയും നമ്മുടെ സുഹൃത്തുക്കൾക്കും ജൂതസമൂഹത്തിനും ഞാൻ സ്നേഹം കൈമാറുന്നു. ഇത്തരം സംഭവങ്ങൾ ഇപ്പോഴും നടക്കുന്നു എന്നത് വിശ്വസിക്കാനാവുന്നില്ല,” ട്രംപ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് തനിക്ക് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി. ജൂതവിരുദ്ധതയ്ക്കും ഇത്തരം അക്രമങ്ങൾക്കും തൻ്റെ ഭരണകൂടം കർശനമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Truck Drives into Michigan Synagogue: Lebanese Attacker Shot and Killed; Trump Calls It ‘Horrible’

More Stories from this section

family-dental
witywide