
ഫ്ളോറിഡ: യാത്രയ്ക്കിടെ ആകാശച്ചുഴിയില്‍പ്പെട്ട് അപ്രതീക്ഷിതമായി കുലുക്കമനുഭവപ്പെട്ട ജറ്റ്ബ്ലൂ എയര്‍ലൈന്‍സ് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട ഏഴ് യാത്രക്കാരേയും ഒരു ക്രൂ അംഗത്തെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി എയര്‍ലൈന്‍ അറിയിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഫ്‌ലോറിഡയ്ക്ക് സമീപമാണ് ജെറ്റ്ബ്ലൂ എയര്‍ലൈന്‍സ് വിമാനത്തിന് ഉലച്ചിലുണ്ടായത്.
സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ഇക്വഡോറിലെ ഗ്വാക്വിലില്‍ നിന്നുള്ള 1256 ജെറ്റ്ബ്ലൂ ഫ്‌ളൈറ്റ് ഫോര്‍ട്ട് ലോഡര്‍ഡേല്‍-ഹോളിവുഡ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.
ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട യാത്രക്കാരെ എയര്‍പോര്‍ട്ടില്‍ വെച്ച് മെഡിക്കല്‍ സംഘം പരിശോധിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് വിമാനം സര്‍വീസ് നിര്‍ത്തിയതായി ജെറ്റ്ബ്ലൂ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അറിയിച്ചു.
കഴിഞ്ഞ മാസം ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനം അറ്റ്‌ലാന്റയിലേക്ക് അടുക്കുമ്പോള്‍ സമാനമായ രീതിയില്‍ അപ്രതീക്ഷിതമായി കുലുക്കമനുഭവപ്പെട്ടതിനെത്തുടര്‍ന്ന് 14 യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ഓഗസ്റ്റില്‍, നെവാര്‍ക്കില്‍ നിന്ന് പൂണ്ട കാനയിലേക്കുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലും സാങ്കേതിക തകരാറുണ്ടാകുകയും കുലുക്കത്തില്‍ രണ്ട് ഫ്‌ലൈറ്റ് അറ്റന്‍ഡന്റുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.