
ഇസ്‌ലാമാബാദ്: അമേരിക്കയുമായി ഇന്ന് നടക്കാനിരിക്കുന്ന നിർണ്ണായകമായ സമാധാന ചർച്ചകൾക്കായി ഇറാനിയൻ നയതന്ത്ര പ്രതിനിധികൾ പാകിസ്താനിലെത്തി. ഇറാൻ സ്റ്റേറ്റ് മീഡിയയാണ് പ്രതിനിധി സംഘം ഇസ്‌ലാമാബാദിൽ എത്തിയ വിവരം പുറത്തുവിട്ടത്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ ചർച്ചകൾ നടക്കുന്നത്. പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫാണു ഇറാൻ സംഘത്തെ പ്രതിനിധീകരിക്കുക. വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗിയും സംഘത്തിലുണ്ട്. പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ നേതൃത്വത്തിൽ ഇരുപക്ഷത്തെയും പ്രതിനിധികളുമായുള്ള പ്രാഥമിക ചർച്ചകൾ ഇന്നലെ ആരംഭിച്ചു. പാക്ക് വിദേശകാര്യമന്ത്രി ഇഷാഖ് ദർ ആയിരിക്കും ഇന്നത്തെ ചർച്ച നിയന്ത്രിക്കുക.
ഇറാനികൾ ഇന്ന് “ജീവനോടെയിരിക്കുന്നത് തന്നെ ചർച്ചകൾക്ക് തയാറായതുകൊണ്ടാണ്” എന്ന അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇറാൻ സംഘത്തിൻ്റെ സന്ദർശനം എന്നത് ശ്രദ്ധേയമാണ്. ചർച്ചകളിൽ അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസും പങ്കെടുക്കും.
ഇസ്‌ലാമാബാദിലേക്കുള്ള യാത്രയ്ക്കിടെ ജെ.ഡി. വാൻസ് തൻ്റെ നിലപാട് വ്യക്തമാക്കി. “ഇറാൻ സദുദ്ദേശ്യത്തോടെയാണ് ചർച്ചയ്ക്ക് വരുന്നതെങ്കിൽ അവരുമായി സഹകരിക്കാൻ അമേരിക്ക തയാറാണ്. എന്നാൽ അമേരിക്കയെ കബളിപ്പിക്കാനാണ് ശ്രമമെങ്കിൽ അത് അനുവദിക്കില്ല,” അദ്ദേഹം മുന്നറിയിപ്പ് നൽകി. ചർച്ചകളെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും വാൻസ് കൂട്ടിച്ചേർത്തു. 2011നുശേഷം ആദ്യമായാണ് ഒരു യുഎസ് വൈസ് പ്രസിഡൻ്റ് പാക്കിസ്ഥാൻ സന്ദർശിക്കുന്നത്.
ഇറാൻ മുന്നോട്ടുവച്ച പത്തിന പദ്ധതിയുടെ അടിസ്ഥാനത്തിലാണു ചർച്ച. ഇറാനെ ഇനി ആക്രമിക്കില്ലെന്ന ഉറപ്പ്, ഹോർമുസ് കടലിടുക്കിനുമേലുള്ള നിയന്ത്രണാവകാശം, പശ്ചിമേഷ്യയിൽ നിന്നു യുഎസ് സേനാ പിന്മാറ്റം തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ്റെ പത്തിന പദ്ധതിയിലുളളത്. ഇതെല്ലാം യുഎസ് ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും ചർച്ചചെയ്തു നടപ്പിലാക്കാവുന്നതാണെന്ന സൂചന യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നൽകിയിട്ടുണ്ട്.
അതേസമയം, ചർച്ചകൾ ആരംഭിക്കുന്നതിന് മുൻപായി ലെബനനിൽ അടിയന്തരമായി വെടിനിർത്തൽ നടപ്പിലാക്കണമെന്ന് ഇറാൻ്റെ പാർലമെൻ്റ് സ്പീക്കർ ആവശ്യപ്പെട്ടു. വെടിനിർത്തൽ ഇല്ലാതെ ചർച്ചകളുമായി മുന്നോട്ട് പോകുന്നത് പ്രായോഗികമല്ലെന്നാണ് ഇറാൻ്റെ നിലപാട്.
മറ്റൊരു സുപ്രധാന നീക്കമെന്ന നിലയിൽ, ലെബനൻ പ്രതിനിധികൾ ചൊവ്വാഴ്ച വാഷിംഗ്ടണിൽ വെച്ച് ഇസ്രായേൽ സംഘവുമായി കൂടിക്കാഴ്ച നടത്തുമെന്ന് ലെബനൻ അധികൃതർ അറിയിച്ചിട്ടുണ്ട്. ലെബനനിലെ വെടിനിർത്തലും സമാധാന ചർച്ചകളും തന്നെയാകും ഈ കൂടിക്കാഴ്ചയിലെയും പ്രധാന അജണ്ട.
Iran team in Pakistan for peace talks: ‘If you try to cheat, there will be no talks,’ says J.D. Vance














