പാചകത്തിനിടെ ട്രെയിനില്‍ തീ പടര്‍ന്നു; 8 യാത്രക്കാര്‍ മരിച്ചു

മധുര: ലക്നൗവില്‍നിന്ന് തമിഴ്നാട്ടിലെ മധുരയ്ക്ക് വന്ന ഐആര്‍ടിസിയുടെ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിലെ 2 കോച്ചുകള്‍ക്ക് തീപിടിച്ച് യുപി സ്വദേശികളായ 8 യാത്രക്കാര്‍ മരിച്ചു. മധുരൈ ജംക് ഷന് ഒരു കിലോമീറ്റര്‍ മുമ്പേ വച്ചാണ് അപകടമുണ്ടായത്. രാവിലെ 6.30 ആയപ്പോള്‍ ഫയര്‍ അലാം ശബ്ദിച്ചു. അപ്പോള്‍ തന്നെ റയില്‍ വേ നടപടികള്‍ സ്വീകരിച്ചതിനാല്‍ തീ കൂടുതല്‍ പടര്‍ന്നില്ല. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാര്‍ ട്രെയിനുള്ളില്‍ വച്ച് എല്‍പിജി ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുമ്പോള്‍ തീ പടര്‍ന്നു എന്നു കരുതുന്നു. തീ പടരുന്നത് കണ്ട് യാത്രക്കാര്‍ ഓടി രക്ഷപ്പെട്ടു, എന്നാല്‍ പ്രായം ചെന്നവര്‍ക്ക് വേഗത്തില്‍ പുറത്തു കടക്കാന്‍ സാധിച്ചില്ല. അവരാണ് മരിച്ചവരില്‍ ഭൂരിഭാഗവുമെന്ന് റയില്‍വേ അധികൃതര്‍ അറിയിച്ചു.