ട്രാഫിക് പിഴയിൽ ഇളവ്; അബുദാബി പൊലീസിന്റെ പുതിയ പ്രഖ്യാപനത്തില്‍ അറിയേണ്ടത്

അബുദാബി: ട്രാഫിക് പിഴകളില്‍ 35 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് അബുദാബി പൊലീസ്. നിയമലംഘനം നടത്തിയ തീയതി മുതൽ ആദ്യത്തെ 60 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കുകയാണെങ്കിൽ ട്രാഫിക് പിഴയിൽ 35 ശതമാനം ഇളവും 60 ദിവസത്തിന് ശേഷം ഒരു വർഷത്തെ കാലാവധിക്കുള്ളില്‍ ‌അടയ്ക്കുകയാണെങ്കില്‍ 25 ശതമാനം ഇളവും ലഭിക്കുമെന്നാണ് പ്രഖ്യാപനം.

“ഇനിഷ്യേറ്റ് ആൻഡ് ബെനിഫിറ്റ്” എന്ന പുതിയ സംരംഭത്തിന്റെ ഭാഗമായാണ് കിഴിവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സമയ ബന്ധിതമായി പിഴയൊടുക്കുന്ന പക്ഷം ബ്ലാക്ക് പോയിന്റ് ഒഴിവാക്കാമെന്നും പൊലീസ് അറിയിക്കുന്നു. പലിശകളില്ലാതെ, തവണകളായി പിഴയടയ്ക്കാന്‍ അവസരം നല്‍കികൊണ്ടുള്ള പുതിയ പദ്ധതി, ഗുരുതര ട്രാഫിക് ലംഘനങ്ങൾക്ക് ബാധകമല്ല.

12 മാസത്തേയ്ക്ക് പൂജ്യം പലിശ നിരക്കിൽ അബുദാബി പൊലീസിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ബാങ്കുകൾ വഴി തവണകളായി പിഴ അടയ്ക്കാമെന്നും പൊലീസ് അറിയിച്ചു.

തിരഞ്ഞെടുക്കപ്പെട്ട ബാങ്കുകൾ ഇവയാണ്:

ഫസ്റ്റ് അബുദാബി ബാങ്ക് (FAB)
അബുദാബി കൊമേഴ്‌സ്യൽ ബാങ്ക് (ADCB)
അബുദാബി ഇസ്ലാമിക് ബാങ്ക് (എഡിഐബി)
എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക്
മഷ്രെഖ് അൽ ഇസ്ലാമി ബാങ്ക്

എങ്ങനെ പിഴ അടയ്ക്കാം: അബുദാബി പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിങ്ങളുടെ എമിറേറ്റ്സ് ഐഡി വിശദാംശങ്ങളും വാഹന രജിസ്ട്രേഷൻ നമ്പറും നൽകുക. സുരക്ഷിതമായ ആക്‌സസ് ഉറപ്പാക്കാൻ ക്യാപ്‌ച ഇമേജ് പൂർത്തിയാക്കുക. നിങ്ങൾക്ക് അടയ്ക്കാനുള്ള പിഴകളുടെ ഒരു ലിസ്റ്റ്, ബാധകമായ കിഴിവുകൾ എന്നിവ അപ്പോള്‍ ലഭ്യമാകും. ഇതനുസരിച്ച് വെബ്‌സൈറ്റിൽ തന്നെ പേയ്‌മെന്റ് നടത്താന്‍ നിങ്ങളുടെ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കുക.

More Stories from this section

family-dental
witywide