
ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിന്റെ ഭീകരത വ്യക്തമാക്കുന്ന വീഡിയോ പങ്കുവച്ച് നടൻ റഹ്മാൻ. ശക്തമായ മഴയിൽ വെള്ളപൊക്കം രൂപപ്പെട്ടതോടെ ഒരു അപ്പാർട്മെന്റിനു താഴെ പാർക്ക് ചെയ്തിരുന്ന കാറുകൾ ഒഴുകിപ്പോകുന്ന ദൃശ്യങ്ങളാണ് താരം പങ്കുവച്ചത്. ‘എഫക്റ്റ് ഓഫ് സൈക്ലോൺ മിഷോങ്’ എന്നും ചെന്നൈ ചുഴലിക്കാറ്റ് ഇന്ന് എന്നും അദ്ദേഹം വീഡിയോക്കൊപ്പം കുറിച്ചിട്ടുണ്ട്.
കനത്ത മഴയിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലും ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. ചെന്നൈയുടെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായിരിക്കുകയാണ്. അടിയന്തരാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദേശിച്ചിരിക്കുകയാണ്.
ശക്തമായ മഴയും ചുഴലിക്കാറ്റുംമൂലം വൈദ്യുതിയും ഇന്റർനെറ്റും തടസ്സപ്പെട്ടു. ട്രെയിൻ, വിമാന സർവീസുകളേയും മഴയും വെള്ളക്കെട്ടും കാര്യമായി ബാധിച്ചിട്ടുണ്ട്. നിരവധി ട്രെയിനുകൾ റദ്ദാക്കി. കേരളത്തിൽ കൂടി കടന്നുപോകുന്ന പല സർവീസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു











