കാരുണ്യ പ്രവൃത്തികൾ പ്രകടനങ്ങളാകരുത്: മാർപാപ്പ

കാരുണ്യ പ്രവൃത്തികൾ വെറും പ്രകടനങ്ങളായി മാറരുതെന്ന് ഫ്രാൻസിസ് മാർപാപ്പ. ആഗോള കത്തോലിക്ക യുവജന സംഗമത്തിനായി പോർച്ചുഗലിൽ എത്തിയ മാർപാപ്പ, പോര്‍ച്ചുഗലിലെ ജീവകാരുണ്യ സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ഇങ്ങനെ പറഞ്ഞത്.

അമൂര്‍ത്തമായ സ്നേഹം എന്നൊന്നില്ലെന്നും, കാണാവുന്നതും തൊട്ടറിയാവുന്നതുമായ സ്നേഹമാണ് യഥാര്‍ഥമായതെന്നും അദ്ദേഹം വിശദീകരിച്ചു.

“കാരുണ്യപ്രവൃത്തികൾ ചെയ്യുന്നതു വലിയ കാര്യമാണെന്ന ധാരണയില്‍ അവജ്ഞ മറച്ചുവച്ച് പാവങ്ങള്‍ക്കു ഭിക്ഷ കൊടുക്കുകയും അപ്പോള്‍ത്തന്നെ കൈകഴുകി ശുദ്ധിവരുത്തുകയും ചെയ്യുന്നവരുണ്ട്. എന്നാല്‍, യാഥാര്‍ഥ്യത്തെയും മറ്റുള്ളവരുടെ യാതനകളെയും തൊട്ട് കൈ അഴുക്കാക്കുന്നവരാണ് ജീവിതവഴിയില്‍ മുദ്ര പതിപ്പിക്കുന്നത്,” മാര്‍പാപ്പ പറഞ്ഞു.

അഞ്ച് ദിവസത്തെ സന്ദർശനത്തിനായാണ് മാർപാപ്പ പോർച്ചുഗലിൽ എത്തിയത്. പതിനഞ്ച് ലക്ഷത്തോളം പേരാണ് ലോക കത്തോലിക്കാ യുവജന സംഗമത്തിൽ പങ്കെടുത്തത്. സംഗമത്തിന്റെ സമാപനദിനമായ ഞായറാഴ്ച കുര്‍ബാനയര്‍പ്പിച്ച ശേഷം മാര്‍പാപ്പ വത്തിക്കാനിലേക്കു മടങ്ങും.