സാന്‍ഫ്രാന്‍സിസ്കോ: അക്രോബാറ്റ്, ഫോട്ടോഷോപ്, ഇന്‍ഡിസൈന്‍ തുടങ്ങിയ സോഫ്റ്റ് വെയറുകള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച അഡോബി സിസ്റ്റം സ്ഥാപകരില്‍ ഒരാളായ ജോണ്‍ വാര്‍നോക് (82) അന്തരിച്ചു. 1982ല്‍ ചാള്‍സ് ഗെഷ്കെയ്ക്കിന് ഒപ്പമാണ് വാര്‍നോക്ക് അഡോബി സിസ്റ്റംസ് തുടങ്ങുന്നത്. ഇവരുടെ വീടിനു പിന്നില്‍ ഒഴുകുന്ന പുഴയുടെ പേരാണ് അഡോബി. അഡോബി സിസ്റ്റംസ് ഇന്ന് ലോകത്തിലെ കംപ്യൂട്ടര്‍ ഉപയോഗത്തിലെ അവിഭാജ്യഘടകമാണ്. രേഖകളും വിവരങ്ങളും പോര്‍ട്ടബിള്‍ ഡോക്യുമെന്റ് ഫോര്‍മാറ്റ് ( പിഡിഎഫ്) രൂപത്തിലാക്കുന്ന അഡോബി സങ്കേതികവിദ്യ ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള എല്ലാവരും ഉപയോഗിക്കുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പ് സഹസ്ഥാപകന്‍ ചാള്‍സ് ഗെഷ്കെ അന്തരിച്ചു.
1940 ഒക്ടോബര്‍ ആറിന് സോള്‍ട്ട് ലേക്ക് സിറ്റിയിലാണ് വാര്‍നോക്കിന്റെ ജനനം. സ്കൂളില്‍ കണക്കിന് തീരെ മാര്‍ക്ക് കുറഞ്ഞ കുട്ടിയായിരുന്ന വാര്‍നോക്കിനെ കംപ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ ഹീറോയാക്കിയത് ബാര്‍ട്ടന്‍ എന്ന അധ്യാപകനായിരുന്നു. യൂട്ടാ യൂണിവേഴ്സിറ്റിയില്‍നിന്ന് കണക്കില്‍ ബിരുദാനന്തര ബിരുദവും ഇലക്ട്രിക് എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ പിഎച്ച്ഡിയും എടുത്തു.