സബ്സ്ക്രിപ്ഷൻ നിബന്ധനകൾ ഒളിച്ചുവച്ച് ഉപഭോക്താക്കളെ വലയ്ക്കുന്നു; അഡോബിക്ക് എതിരെ യുഎസ് സർക്കാർ കേസെടുത്തു

ഉപഭോക്താക്കളെ ഉപദ്രവിക്കുന്നു എന്ന് ആരോപിച്ച് അഡോബിക്കെതിരെ കേസ്. ഫോട്ടോഷോപ്പ്, അക്രോബാറ്റ് നിർമ്മാതാക്കൾ അതിൻ്റെ ഏറ്റവും ജനപ്രിയമായ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളിൽ കനത്ത ടെർമിനേഷൻ ഫീസ് മറച്ചുവെച്ച് ഉപഭോക്താക്കളെ ദ്രോഹിക്കുകയും സബ്‌സ്‌ക്രിപ്‌ഷനുകൾ റദ്ദാക്കുന്നതിൽ ബുദ്ധിമുട്ടിക്കുകയും  ചെയ്‌തെന്ന് ആരോപിച്ചാണ് യു.എസ് ഗവൺമെൻ്റ് തിങ്കളാഴ്ച അഡോബിക്കെതിരെ കേസെടുത്തത്. 

കാലിഫോർണിയ, സാൻ ജോസ്,  ഫെഡറൽ കോടതിയിൽ ഫെഡറൽ ട്രേഡ് കമ്മീഷൻ (FTC) സമർപ്പിച്ച പരാതിയിലാണ് നടപടി . പണമടച്ചുള്ള പല  പ്രതിമാസ സബ് സ്ക്രിപ്ഷൻ പ്ളാനുകളിലും ചില സുപ്രധാന നിബന്ധനകൾ രഹസ്യമാക്കി വയ്ക്കുകയും വലിയ ഫീസ് ഈടാക്കി ഉപഭോക്താക്കളെ വഞ്ചിക്കുകയും ചെയ്തെന്നാണ് പ്രധാന ആരോപണം. സബ്സ്ക്രിപ്ഷൻ റദ്ദാക്കേണ്ടി വരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് നൂറുകണക്കിന് ഡോളർ ടെർമിനേഷൻ ഫീസായി കൊടുക്കേണ്ടി വരുന്നു. സബ്സ്ക്രിപ്ഷൻ റദ്ദാക്കാൻ ആഗ്രഹിക്കുന്ന വരിക്കാരെ അനവധി പേജുകളിലൂടെ അനാവശ്യമായി നാവിഗേറ്റ് ചെയ്യാൻ അഡോബി നിർബന്ധിക്കുന്നു.  ഫോൺ വഴി റദ്ദാക്കാൻ ശ്രമിക്കുമ്പോൾ പലപ്പോഴും പല തവണ കോൾ വിച്ഛേദിക്കപ്പെടുകയും പല ആവർത്തി കോൾ ചെയ്യേണ്ടതായി വരികയും ചെയ്യുന്നു. മാത്രമല്ല പല റെപ്രസെൻ്റേറ്റീവുമാരുമായി സംസാരിക്കേണ്ടി വരുന്നു. ഇത് ആളുകളെ മടുപ്പിക്കുകയും വെറുപ്പിക്കുകയും ചെയ്യുന്നു. 

കേസിൽ രണ്ട് അഡോബ് എക്‌സിക്യൂട്ടീവുകളും പ്രതികളാണ്: ഡിജിറ്റൽ മീഡിയ ബിസിനസ്സ് പ്രസിഡൻ്റ് ഡേവിഡ് വാധ്‌വാനി, ഡിജിറ്റൽ സെയിൽസിലെ സീനിയർ വൈസ് പ്രസിഡൻ്റ് മനീന്ദർ സാഹ്‌നി എന്നിവരെയാണ് പ്രതി ചേർത്തിരിക്കുന്നത്. എന്നാൽ ആരോപണങ്ങളെല്ലാം അഡോബി നിഷേധിച്ചു.

2010-ലെ ഫെഡറൽ നിയമമായ ‘റീസ്റ്റോർ ഓൺലൈൻ ഷോപ്പേഴ്‌സ് കോൺഫിഡൻസ് ആക്‌ട്’ അഡോബി ലംഘിച്ചതായി FTC കുറ്റപ്പെടുത്തി.

US govt Sues Adobe Over Hiding Fees and nagging Subscribers