
കൊച്ചി: കോളേജ് വിദ്യാര്‍ത്ഥിയായ മകളെ പഠിപ്പിക്കാന്‍ പണം കണ്ടെത്താനായി ജോലി തേടി ഇറ്റലിയിലേക്ക് പോയതാണ് ആന്‍ റുഫ്തയുടെ അമ്മ. മകള്‍ക്കായി പണം സമ്പാദിക്കാന്‍ പോയ അമ്മ തിരികെ വരുമ്പോള്‍ കാത്തിരിക്കാന്‍ ആന്‍ റുഫ്ത ഇനിയില്ല. കളമശ്ശേരി കുസാറ്റ് കാമ്പസിലെ അപകടത്തില്‍ മരിച്ച നാലു വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ വടക്കന്‍ പറവൂര്‍ സ്വദേശി ആന്‍ റുഫ്തയാണ്. പ്രതിപക്ഷ നേതാവും സ്ഥലം എംഎല്‍എയുമായ വി ഡി സതീശന്‍ ആണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
അടുത്തിടെയാണ് ആന്‍ റുഫ്തയുടെ അമ്മ വിസിറ്റിങ് വിസയില്‍ ഇറ്റലിയിലേക്ക് പോയതെന്ന് പ്രതിപക്ഷ നേതാവും സ്ഥലം എംഎല്‍എയുമായ വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇറ്റലിയില്‍ നിന്നും ഇവരെ തിരികെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. മലയാളി അസോസിയേഷനുകളുമായി സഹകരിച്ച് വിദ്യാര്‍ത്ഥിനിയുടെ അമ്മയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും കണ്മുന്നില്‍ കാണുന്ന കഴ്ചകള്‍ വേദനാജനകമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
വി ഡി സതീശന്‍, ഹൈബി ഈഡന്‍ എം പി, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവര്‍ക്കൊപ്പമാണ് ആന്‍ റുഫ്തയുടെ പിതാവ് റോയിയും മകന്‍ റിഥുലും കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്. ആനിന്റെ വിയോഗവാര്‍ത്തയറിഞ്ഞ് കരഞ്ഞു തളര്‍ന്ന പിതാവ് റോയിയേയും മകനെയും ആശ്വസിപ്പിക്കാന്‍ കഴിയാത്ത നിലയിലായിരുന്നു കണ്ടു നിന്നവരെല്ലാം. ഹൈബി ഈഡന്റെ കാറിലാണ് റോയിയെയും മകനെയും വീട്ടിലേക്ക് മടക്കിവിട്ടത്.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥികളുടെ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിലാണ് ആന്‍ റുഫ്തയുള്‍പ്പെടെ നാല് പേര്‍ മരിച്ചത്. ഇവരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് രാവിലെ നടത്തിയിരുന്നു. രണ്ട് മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളജിലും രണ്ട് മൃതദേഹങ്ങള്‍ എറണാകുളം ജനറല്‍ ആശുപത്രിയിലുമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. മരിച്ച നാല് പേരില്‍ മൂന്ന് പേര്‍ വിദ്യാര്‍ഥികളാണ്. ഗാനമേള കാണാനെത്തിയ വിദ്യാര്‍ത്ഥികളുടെ തിക്കിലും തിരക്കിലും പെട്ടാണ് മരണം സംഭവിച്ചത്.