ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി തന്ത്രി കണ്ഠര് രാജീവർക്ക് ജയിലിൽ നെഞ്ചുവേദന, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂജപ്പുര ജയിലിൽ കഴിയുകയായിരുന്ന അദ്ദേഹത്തിന് ഇന്ന് ഉച്ചയോടെയാണ് നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടത്. തുടർന്ന് ജയിൽ അധികൃതർ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ മെഡിക്കൽ കോളേജിലെ സെൽറൂമിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കണ്ഠര് രാജീവർക്ക് നാളെ ആൻജിയോഗ്രാം പരിശോധന നടത്തുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം ഇപ്പോൾ കഴിയുന്നത്. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച റിപ്പോർട്ടുകൾ ജയിൽ അധികൃതർ കോടതിയെ അറിയിക്കും. തന്ത്രിയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ടെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ നാളെ കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. കേസിലെ മറ്റ് പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുടെ ജാമ്യഹർജികളും വിവിധ കോടതികളുടെ പരിഗണനയിലാണ്. സ്വർണ്ണക്കൊള്ള കേസിൽ തന്ത്രിയുടെ പങ്ക് സംബന്ധിച്ച് വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അദ്ദേഹത്തെ ആരോഗ്യപ്രശ്നങ്ങളാൽ ആശുപത്രിയിലേക്ക് മാറ്റിയത്.

More Stories from this section

family-dental
witywide