പാട്ട് പാടും നയതന്ത്രം; ഗിറ്റാര്‍ വായിച്ച് പാട്ടു പാടി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, വൈറല്‍ വീഡിയോ

അമേരിക്കയുടെ നയതന്ത്രജ്ഞന്‍ എന്ന ഭാരിച്ച ഉത്തരവാദിത്വത്തിന്റെ മേലങ്കി മാറ്റി വെച്ച് തന്നില്‍ മറഞ്ഞിരിക്കുന്ന സംഗീത പ്രതിഭയെ പുറത്തെടുത്തിരിക്കുകയാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍. ‘ഗ്ലോബല്‍ മ്യൂസിക് ഡിപ്ലോമസി ഇനിഷ്യേറ്റീവ്’ എന്ന അമേരിക്കയുടെ പുതിയ ആശയത്തിന്റെ ഉദ്ഘാടന വേളയില്‍ ആന്റണി ബ്ലിങ്കന്‍ ഗിറ്റാര്‍ വായിച്ചുകൊണ്ട് മനോഹരമായി സംഗീതമാലപിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. എക്സ് പ്ലാറ്റ്ഫോമില്‍ യുഎസ് സെക്രട്ടറി തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

‘സംഗീതവും നയതന്ത്രവും സമന്വയിപ്പിക്കാനുള്ള ഈ രാത്രിയുടെ അവസരം എനിക്ക് പാഴാക്കാന്‍ കഴിഞ്ഞില്ല. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ പുതിയ ഗ്ലോബല്‍ മ്യൂസിക് ഡിപ്ലോമസി ഇനിഷ്യേറ്റീവ് ആരംഭിക്കുന്നതില്‍ സന്തോഷമുണ്ട്’ എന്നും സെക്രട്ടറി ബ്ലിങ്കെന്‍ ട്വീറ്റ് ചെയ്തു. മൂന്ന് മിനിറ്റും 57 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വില്ലി ഡിക്സണ്‍ എഴുതി, മഡ്ഡി വാട്ടേഴ്സ് റെക്കോര്‍ഡ് ചെയ്ത ‘ഹൂച്ചി കൂച്ചി മാന്‍’ എന്ന ഗാനമാണ് ബ്ലിങ്കന്‍ പാടിയത്. ബ്ലിങ്കന്റെ മികച്ച പ്രകടനത്തിന്റെ വീഡിയോ ഇതിനകം ഏഴ് ലക്ഷത്തിലധികമാളുകള്‍ കണ്ടുകഴിഞ്ഞു. 15,000 ലധികം ലൈക്കുകളും നേടിയിട്ടുണ്ട്.

പുതിയൊരു നയതന്ത്ര വീക്ഷണമെന്ന നിലയിലാണ് ‘ഗ്ലോബല്‍ മ്യൂസിക് ഡിപ്ലോമസി ഇനിഷ്യേറ്റീവിനെ അമേരിക്ക വിലയിരുത്തുന്നത്. സമാധാനവും ജനാധിപത്യവും പ്രോത്സാഹിപ്പിക്കുന്നതിനും യുഎസിന്റെ വിശാലമായ വിദേശനയ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള നയതന്ത്ര ഉപാധിയായി സംഗീതത്തെ ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബ്ലിങ്കന്‍ ഗ്ലോബല്‍ മ്യൂസിക് ഡിപ്ലോമസി ഇനിഷ്യേറ്റീവിന് തുടക്കം കുറിച്ചിരിക്കുന്നത്. സംഘര്‍ഷം പരിഹരിക്കാന്‍ സംഗീതം ഉപയോഗിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുഎസ് റാപ്പര്‍മാര്‍ നൈജീരിയയിലേക്ക് പോകുന്നത് ഈ സംരംഭത്തിലെ പുതുനീക്കമാണ്. വരും വര്‍ഷങ്ങളില്‍ 30 രാജ്യങ്ങളിലേക്ക് സംഗീതത്തില്‍ ചാലിച്ച നയതന്ത്രവുമായി അമേരിക്ക സന്ദര്‍ശനം നടത്തും.

പ്രാദേശിക തലത്തിലും ആഗോളതലത്തിലും സര്‍ഗ്ഗാത്മക പ്രതിഭകളെ പിന്തുണയ്ക്കുന്നതിനും ആഗോളതലത്തില്‍ സര്‍ഗ്ഗാത്മക സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും പ്രയോജനപ്പെടുത്താനാണ് ഗ്ലോബല്‍ മ്യൂസിക് ഡിപ്ലോമസി ഇനിഷ്യേറ്റീവ് ലക്ഷ്യമിടുന്നത്. ഇതിനായി ഒരു പ്രൊഫഷണല്‍ സംഗീത വ്യവസായം വളര്‍ത്തിയെടുക്കുന്നതിന് അന്താരാഷ്ട്ര മിഡ്-കരിയര്‍ സംഗീത വ്യവസായ പ്രൊഫഷണലുകളെ യുഎസിലേക്ക് കൊണ്ടുവരും.

More Stories from this section

family-dental
witywide