‘ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ സ്വയംപ്രതിരോധ അവകാശം അമേരിക്ക മാനിക്കണം’: ആന്റണി ബ്ലിങ്കൻ

ന്യൂഡൽഹി: ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നതിനൊപ്പം സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ അമേരിക്ക മാനിക്കണമെന്നും മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഇന്ത്യയുമായും പാകിസ്ഥാനുമായും അമേരിക്കയ്ക്കുള്ള ബന്ധം അടിസ്ഥാനപരമായി വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് ഉച്ചകോടി 2026-ൽ സംസാരിക്കുകയായിരുന്നു ബ്ലിങ്കൻ. ഇന്ത്യ ആഗോള ശക്തിയാണെന്നും അമേരിക്കയുമായുള്ള ബന്ധം വിശാലമായ തന്ത്രപ്രധാന താൽപര്യങ്ങളിൽ അധിഷ്ഠിതമാണെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാനുമായുള്ള അമേരിക്കയുടെ ബന്ധം പ്രധാനമായും പ്രാദേശിക വിഷയങ്ങളിൽ കേന്ദ്രീകരിച്ചുള്ളതാണെന്നും ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ മാത്രമാണ് പ്രധാനമായും സഹകരണമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരവാദത്തോട് ഒട്ടും വിട്ടുവീഴ്ചയില്ലാത്ത നയമാണ് വേണ്ടത്. ഇന്ത്യയുടെ സ്വയംപ്രതിരോധ അവകാശത്തെ മാനിക്കുക എന്നതും അതിന്റെ ഭാഗമാണ് എന്നും ബ്ലിങ്കൻ പറഞ്ഞു. ആക്രമണങ്ങളോട് പ്രതികരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് അമേരിക്ക പിന്തുണ നൽകണം. അതേസമയം, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വലിയ ഏറ്റുമുട്ടലിലേക്ക് നീങ്ങാതിരിക്കാനുള്ള നയതന്ത്ര നീക്കങ്ങളും വേണം. ഇരുരാജ്യങ്ങളും ആണവായുധങ്ങൾ കൈവശം വയ്ക്കുന്നതിനാൽ സംഘർഷം വ്യാപിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ശീതയുദ്ധകാലത്തും അഫ്ഗാനിസ്ഥാനിലെ യുദ്ധസമയത്തും അമേരിക്കയുടെ തന്ത്രപ്രധാന താൽപര്യങ്ങൾ പാകിസ്ഥാന്റെ സൈനിക-സിവിലിയൻ ഭരണസംവിധാനത്തിനെതിരായ വിമർശനങ്ങൾ കുറയ്ക്കാൻ കാരണമായിട്ടുണ്ടാകാമെന്നും ബ്ലിങ്കൻ പറഞ്ഞു. ഇക്കാര്യത്തിൽ അമേരിക്കയ്ക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ-അമേരിക്ക ബന്ധം കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൾക്കിടെ അകൽച്ചയിൽനിന്ന് തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് വളർന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധവും പങ്കാളിത്തത്തിന് അടിത്തറയാണെന്ന് പറഞ്ഞു.

ബഹിരാകാശ സാങ്കേതികവിദ്യ, ക്വാണ്ടം ടെക്നോളജി, നിർമിതബുദ്ധി തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുകയാണ് അടുത്ത ലക്ഷ്യമെന്നും ബ്ലിങ്കൻ വ്യക്തമാക്കി. റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഇരുരാജ്യങ്ങൾക്കുമിടയിൽ ആഴത്തിലുള്ള ചരിത്രബന്ധമുണ്ടെന്ന് അംഗീകരിച്ച ബ്ലിങ്കൻ, ആ പങ്കാളിത്തം അവസാനിപ്പിക്കണമെന്ന് അമേരിക്ക ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു. ചില വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ വ്യത്യസ്തമായിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാറിക്കൊണ്ടിരിക്കുന്ന ആഗോള രാഷ്ട്രീയക്രമം, അമേരിക്കയുടെ വിദേശനയം, ഇടക്കാല തിരഞ്ഞെടുപ്പുകൾ എന്നിവയും ചർച്ചയായി.

പശ്ചിമേഷ്യയിൽ അമേരിക്ക, ഇസ്രയേൽ, ഇറാൻ എന്നിവ ഉൾപ്പെട്ട സംഘർഷവും ആഗോള സുരക്ഷയ്ക്കും മേഖലയുടെ സ്ഥിരതയ്ക്കും ഉയർത്തുന്ന വെല്ലുവിളികളും ചർച്ചയിൽ ഇടംപിടിച്ചു. ആഗോള ഊർജവിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുന്നതിന്റെ പ്രത്യാഘാതങ്ങളും ബ്ലിങ്കൻ ചൂണ്ടിക്കാട്ടി. മേഖലയിൽ സംഘർഷം വ്യാപിക്കുന്നത് തടയാൻ നയതന്ത്ര നീക്കങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് 2021 മുതൽ 2025 വരെ അമേരിക്കയുടെ 71-ാമത് സ്റ്റേറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചയാളാണ് ആന്റണി ബ്ലിങ്കൻ.

US must respect India’s right to defend itself’: Former US secy of state calls for zero tolerance towards terrorism

More Stories from this section

family-dental
witywide