സഭയില്‍ പരമാധികാരം മാര്‍പാപ്പയ്ക്ക്; വിശ്വാസികള്‍ അത് അംഗീകരിക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

തൃശൂര്‍: കത്തോലിക്ക സഭയില്‍ പരമാധികാരം മാര്‍പാപ്പയ്ക്കാണെന്ന് തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. സഭയില്‍ അവസാന വാക്ക് മാര്‍പാപ്പയുടേതാണ്. സുപ്രീംകോടതി ഒരു വിധി പുറപ്പെടുവിക്കുന്നതു പോലെയുള്ള പരമാധികാരമാണ് അത്. വിശ്വാസികള്‍ അത് അംഗീകരിക്കാന്‍ തയ്യാറാകണമെന്നും ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.

മാര്‍പാപ്പയ്ക്കും തെറ്റുപറ്റാമെന്നും അദ്ദേഹത്തിനു മുന്നില്‍ അത് ചൂണ്ടിക്കാണിക്കാനുള്ള ആര്‍ജ്ജവം അധികാരപ്പെട്ടവര്‍ കാണിക്കണമെന്നും സുപ്രീം കോടതി മുന്‍ ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ അഭിപ്രായത്തെക്കുറിച്ചും ആന്‍ഡ്രൂസ് താഴത്ത് പ്രതികരിച്ചു. ജസ്റ്റിസ് കുര്യന്‍ ജോസഫിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നായിരുന്നു ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞത്.

അതേസമയം എറണാകുളം- അങ്കമാലി രൂപതയുടെ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. സഭ ഏല്‍പിച്ച ദൗത്യമെല്ലാം സ്വീകരിക്കുന്നുവെന്നും പുതിയ പദവികള്‍ക്ക് ഒന്നും താല്‍പര്യമില്ലെന്നും പറഞ്ഞ അദ്ദേഹം എല്ലാ വിഭാഗം ജനപ്രതിനിധികളേയും ബഹുമാനിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. കുര്‍ബാന തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനം ആന്‍ഡ്രൂസ് താഴത്ത് ഒഴിഞ്ഞിരുന്നു.