മൂന്നാം ഏകദിനത്തില്‍ ഓസീസിന് ആശ്വാസജയം; ഇന്ത്യയ്ക്ക് 66 റൺസ് തോൽവി

രാജ്കോട്ട്: ഇന്ത്യയ്ക്കെതിരായ ഏകദിനപരമ്പരയിലെ മൂന്നാം മത്സരത്തില്‍ ആശ്വാസജയം നേടി ഓസ്ട്രേലിയ. 66 റണ്‍സിനാണ് ഓസീസിന്റെ ജയം. ഓസ്ട്രേലിയ ഉയര്‍ത്തിയ 353 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 286 റണ്‍സിന് ഓള്‍ഔട്ടായി. നാല് വിക്കറ്റുകള്‍ നേടിയ ഗ്ലെന്‍ മാക്സ് വെല്ലാണ് ഓസീസ് ബൗളിങ് നിരയില്‍ തിളങ്ങിയത്. ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ച ഇന്ത്യ നേരത്തേ പരമ്പര സ്വന്തമാക്കിയിരുന്നു.

ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സ് എടുത്തു. ഓസ്ട്രേലിയക്കായി മിച്ചല്‍ മാര്‍ഷ്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബുഷെയ്ന്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി.ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര മൂന്നും കുല്‍ദീപ് യാദവ് രണ്ടും വിക്കറ്റ് വീഴ്ത്തി.

ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. രോഹിത് ശര്‍മ്മ വെടിക്കെട്ടോടെ തുടങ്ങിയെങ്കിലും ഓപ്പണറുടെ റോളിലെത്തിയ വാഷിങ്ടണ്‍ സുന്ദര്‍ നിരാശപ്പെടുത്തി. 30 പന്തില്‍ നിന്ന് 18 റണ്‍സാണ് താരം നേടിയത്. എന്നാല്‍ കോഹ്ലിയും രോഹിത്തും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ 100 കടത്തി. ടീം സ്‌കോര്‍ 144ല്‍ നില്‍ക്കേ 81 റണ്‍സെടുത്ത രോഹിത്തിനെ മാക്സ് വെല്‍ പുറത്താക്കി. അര്‍ധസെഞ്ച്വറി തികച്ച കോഹ്ലിയും പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലായി.

എന്നാല്‍ പിന്നീടിറങ്ങിയ കെഎല്‍ രാഹുലും ശ്രേയസ്സ് അയ്യരും ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ നൽകി. ടീം സ്‌കോര്‍ 223ല്‍ നില്‍ക്കേ രാഹുലിനെ(26) സ്റ്റാര്‍ക്ക് കൂടാരം കയറ്റി. ശ്രേയസ്സ് അയ്യരുടെ വിക്കറ്റും സ്വന്തമാക്കി മാക്സ് വെല്‍ തിളങ്ങിയതോടെ ഓസീസ് മത്സരം പിടിമുറുക്കി. 8 റണ്‍സ് മാത്രമെടുത്ത സൂര്യകുമാര്‍ യാദവ് നിരാശപ്പെടുത്തി. കുല്‍ദീപ് യാദവ് (2), ജസ്പ്രീത് ബുംറ(5) എന്നിവരും വേഗം മടങ്ങി. രവീന്ദ്ര ജഡേജ പൊരുതിനോക്കിയെങ്കിലും 35 റണ്‍സെടുത്ത താരത്തെ പുറത്താക്കി തന്‍വീര്‍ സങ്ക തിരിച്ചടിച്ചു. ഒടുവില്‍ 49.4 ഓവറില്‍ 286 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടായി.

More Stories from this section

family-dental
witywide