
ചേർത്തല: മുൻ സി.പി.എം നേതാവും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ജി. സുധാകരനെതിരെ കടുത്ത വിമർശനവുമായി മന്ത്രി സജി ചെറിയാൻ. ജി. സുധാകരൻ കാണിച്ചത് വലിയ രാഷ്ട്രീയ വഞ്ചനയാണെന്നും പാർട്ടിയുടെ ചങ്കിൽ കുത്തിയാണ് അദ്ദേഹം പടിയിറങ്ങിയതെന്നും മന്ത്രി കുറ്റപ്പെടുത്തി. ചേർത്തലയിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ. സുധാകരനുള്ള രാഷ്ട്രീയ ധാർമ്മികത പോലും ജി. സുധാകരനില്ലെന്ന് സജി ചെറിയാൻ പരിഹസിച്ചു. “കെ. സുധാകരന് സീറ്റ് കിട്ടിയില്ല, പക്ഷേ അദ്ദേഹം പാർട്ടിയെ ചതിച്ചില്ല. അതാണ് രാഷ്ട്രീയ ധാർമ്മികത. ചങ്കിൽ കുത്തിയവരെ കൂട്ടുപിടിച്ച് ജയിക്കാമെന്ന് കോൺഗ്രസ് കരുതേണ്ട,” മന്ത്രി പറഞ്ഞു.
കോൺഗ്രസ് പിരിച്ചുവിടേണ്ട സമയമായെന്നും കഷ്ടപ്പെട്ട് പ്രവർത്തിക്കുന്ന സാധാരണക്കാർക്ക് അവിടെ വിലയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളം കോരുന്നവനും വിറക് വെട്ടുന്നവനും വിലയില്ലാത്ത അവസ്ഥയാണ് കോൺഗ്രസിലെന്നും അദ്ദേഹം പരിഹസിച്ചു. വ്യക്തിപരമായ പരാമർശങ്ങളിലൂടെയാണ് മന്ത്രി തൻ്റെ നിലപാട് വ്യക്തമാക്കിയത്. “നാളെ സജി ചെറിയാൻ പാർട്ടി വിട്ടുപോയാൽ കൂടെ ഭാര്യ പോലും പോകില്ല. അങ്ങേരുടെ (ജി. സുധാകരൻ) കൂടെ ഭാര്യ പോയതുപോലെ എൻ്റെ ഭാര്യ വരുമെന്ന് കരുതേണ്ട. അവർക്ക് പാർട്ടി മെമ്പർഷിപ്പുണ്ട്, അവർ പാർട്ടിക്കൊപ്പമാണ് നിൽക്കുക,” എന്ന് ഭാര്യ തന്നോട് പറഞ്ഞതായും സജി ചെറിയാൻ വെളിപ്പെടുത്തി.
ആലപ്പുഴയിലെ രാഷ്ട്രീയ സാഹചര്യങ്ങളെ പരിഹസിച്ച അദ്ദേഹം, അഡ്വ. ഷുക്കൂർ കയറുമായി ഏത് മരത്തിൽ കെട്ടണമെന്ന ആലോചനയിലാണെന്നും അവസരവാദികളെയല്ലാതെ മറ്റാരെയും കോൺഗ്രസിന് കണ്ടെത്താനായില്ലെന്നും ആരോപിച്ചു. ജി. സുധാകരൻ്റെ സ്ഥാനാർത്ഥിത്വം ഉയർത്തിവിട്ട രാഷ്ട്രീയ ചർച്ചകൾക്കിടെ മന്ത്രിയുടെ ഈ പരാമർശങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ കാണുന്നത്.
Minister Saji Cherian sharply criticized G. Sudhakaran













