സ്രാവ് ആക്രമണം; ഓസ്‌ട്രേലിയന്‍ സർഫർ ഗുരുതരാവസ്ഥയില്‍

ന്യൂ സൗത്ത് വെയിൽസ്: ഓസ്‌ട്രേലിയയില്‍ സ്രാവിന്റെ ആക്രമണമേറ്റ സർഫർ ഗുരുതരാവസ്ഥയില്‍. പോർട്ട് മക്വാരിയിലെ ലൈറ്റ്‌ഹൗസ് ബീച്ചിന് സമീപം സർഫിംഗ് നടത്തുകയായിരുന്ന 44-കാരനാണ് ആക്രമണമേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ ആരോഗ്യനില ഗുരുതരമാണെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.

ജീവനുതന്നെ ഭീഷണിയാകുന്ന വിധത്തിലുള്ള പരിക്കുകളാണ് ഇയാള്‍ക്കേറ്റിരിക്കുന്നതെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് ചീഫ് ഇൻസ്പെക്ടർ മാർട്ടിൻ ബർക്ക് പറഞ്ഞു. അരയ്ക്ക് താഴേക്കാണ് കൂടുതല്‍ പരിക്കുകള്‍. ഇരു കാലുകളിലെയും പരിക്കുകൾ ഗുരുതരമാണ്, കാര്യമായ രക്തനഷ്ടവും സംഭവിച്ചിട്ടുണ്ട്.

ഏകദേശം 30 സെക്കൻഡ് നേരം നീണ്ടുനിന്ന ആക്രണത്തില്‍ നിന്ന് രക്ഷപ്പെട്ട് സർഫർ കരയിലേക്ക് സ്വയം നീന്തി എത്തുകയായിരുന്നു എന്ന് ദൃക്സാക്ഷികളെ ഉദ്ദരിച്ച് സിഎന്‍എന്‍ റിപ്പോർട്ട് ചെയ്യുന്നു. ഗുരുതരാവസ്ഥയിരുന്ന ഇയാളെ പാരാമെഡിക്ക് സംഘമെത്തി മക്വാരി ഹോസ്പിറ്റലിലേക്ക് മാറ്റി.

അപകടത്തിന്റെ പശ്ചാത്തലത്തില്‍ കുറഞ്ഞത് 24 മണിക്കൂറെങ്കിലും ബീച്ച് അടച്ചിടുമെന്ന് പോർട്ട് മക്വാറി ഹേസ്റ്റിംഗ്സ് എഎൽഎസ് ലൈഫ് ഗാർഡ്സ് ഫേസ്ബുക്കിലൂടെ അറിയിച്ചു. പ്രദേശത്തെ സ്രാവുകളെ നിരീക്ഷിക്കുന്നതിന് ചെറു വിമാനങ്ങളും, ഡ്രോൺ സംവിധാനവും ഉപയോഗിക്കുമെന്നും സംഘം കൂട്ടിച്ചേർത്തു.

ഫ്ലോറിഡ മ്യൂസിയത്തിന്റെ ഇന്റർനാഷണൽ ഷാർക്ക് അറ്റാക്ക് (Shark Attack) ഫയൽ പ്രകാരം, പ്രകോപനമില്ലാതെയുള്ള സ്രാവ് ആക്രമണങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ വർഷം അമേരിക്കയ്ക്ക് പിന്നിലാണ് ഓസ്ട്രേലിയയുള്ളത്. ഓസ്‌ട്രേലിയൻ ഷാർക്ക് ഇന്‍സിഡന്റ്സ് ഡാറ്റാബേസ് (Australian Shark Incident Database) അനുസരിച്ച്, 2022-ൽ ന്യൂ സൗത്ത് വെയിൽസിൽ പത്ത് സ്രാവ് ആക്രമണമുണ്ടായി. ഈ ആക്രമണങ്ങളിലായി ഒരാള്‍ മരണപ്പെടുകയും, ഏഴ് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

More Stories from this section

family-dental
witywide