
പാലക്കാട്: പാര്‍ട്ടി വിലക്ക് ലംഘിച്ച് നവകേരളാസദസില്‍ പങ്കെടുത്ത മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥിനെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍നിന്നു സസ്പെന്‍ഡ് ചെയ്തു. നവകേരള സദസ്സില്‍ പങ്കെടുത്ത ഗോപിനാഥ് മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതു സര്‍ക്കാരിനെയും പുകഴ്ത്തിയിരുന്നു. മുന്‍ എംഎല്‍എയും പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് അംഗവുമായ എ വി ഗോപിനാഥ് സിപിഎം ജില്ലാ സെക്രട്ടറിക്കൊപ്പമാണ് നവകേരള സദസിന്റെ പാലക്കാട്ട് നടന്ന പ്രഭാത യോഗത്തിലേക്ക് എത്തിയത്.
സിപിഎം ജില്ലാ സെക്രട്ടറിയുടെ കൂടെ വന്നതില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം തന്റെ ആത്മസുഹൃത്താണെന്നും ഗോപിനാഥ് പറഞ്ഞിരുന്നു. സര്‍ക്കാര്‍ ജനങ്ങളെ കാണുമ്പോള്‍ പാലക്കാട് ജില്ലയിലെ കുറെ കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ള അവസരം കിട്ടുകയാണെന്നും അതുകൊണ്ടാണു വന്നതെന്നും ഗോപിനാഥ് പ്രതികരിച്ചിരുന്നു. നവകേരള സദസില്‍ പങ്കെടുത്തതിനു പിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഷന്‍ ലഭിച്ചത്.
നവകേരള സദസിനെതിരായ ബഹിഷ്‌കരണാഹ്വാനം യുഡിഎഫിന്റേതാണെന്നും തന്റേതല്ലെന്നും എ വി ഗോപിനാഥ് നേരത്തേ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വികസന കാര്യങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും ജനങ്ങളുമായി സംവാദം നടത്താന്‍ മുഖ്യമന്ത്രി കാണിച്ച ഏറ്റവും തന്റേടമുള്ള നടപടിയാണ് നവകേരള സദസ്സെന്നും ഗോപിനാഥ് വിശേഷിപ്പിച്ചിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് തന്റെ രാഷ്ട്രീയ നിലപാട് പറയുമെന്നും ഗോപിനാഥ് വ്യക്തമാക്കിയിരുന്നു.