സ്വർണപ്പാളി മോഷണത്തിൽ കേരളം നമ്പർ 1, കോൺഗ്രസ്‌ വേദിയിൽ പരിഹാസവുമായി ജി സുധാകരൻ! ബിജെപിക്കാർ വീട്ടിലെത്തി ഗവർണർ സ്ഥാനം ഉൾപ്പെടെ വാഗ്ദാനം ചെയ്തെന്നും വെളിപ്പെടുത്തൽ

ആലപ്പുഴ: ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളി മോഷണത്തിൽ കേരളം നമ്പർ വണ്ണാണെന്ന് സിപിഎം മുതിർന്ന നേതാവും മുൻമന്ത്രിയുമായ ജി. സുധാകരന്റെ പരിഹാസം. ആലപ്പുഴ കർമസദൻ പാസ്റ്ററൽ സെന്ററിൽ കെപിസിസി സംസ്കാരസാഹിതി തെക്കൻ മേഖല ക്യാമ്പിൽ ‘സംസ്കാരവും രാഷ്ട്രീയവും ഇന്ന്, നാളെ’ എന്ന വിഷയത്തിൽ പ്രസംഗിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എല്ലാവരും കേരളത്തെ നമ്പർ വണ്ണെന്ന് മത്സരിച്ച് പറയുന്നുണ്ടെങ്കിലും പല കാര്യങ്ങളിലും വൃത്തികേടുകൾ നടക്കുന്നുവെന്നും, ചിലയിടങ്ങളിൽ പിന്നാക്കമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാത്തിലും നമ്പർ വണ്ണെന്ന് പറയുന്നത് വളർച്ചയില്ലെന്ന് അർഥമാക്കുമെന്ന് സുധാകരൻ പറഞ്ഞു. 63 വർഷമായി ഒരു പാർട്ടിയിലും ചേർന്നിട്ടില്ലാത്ത തന്നെ ബിജെപിക്കാർ വീട്ടിലെത്തി ക്ഷണിച്ചു. ഗവർണർ സ്ഥാനം ഉൾപ്പെടെ ഏത് പദവി വേണമെന്ന് ചോദിച്ചെങ്കിലും, രാഷ്ട്രീയത്തിൽ വ്യക്തമായ കാഴ്ചപ്പാടുള്ളവരെ വെറുതെ കല്ലെറിയരുതെന്ന് അദ്ദേഹം പറഞ്ഞു. ചിലർ ബിജെപിയിലേക്ക് പോകാൻ നിർദേശിക്കുന്നുണ്ടെങ്കിലും അതിന് തയ്യാറല്ലെന്നും വ്യക്തമാക്കി.

ആലപ്പുഴ ജില്ലയിൽ ഇടതുപക്ഷ രാഷ്ട്രീയത്തിൽ വൃത്തികേടുകൾ കാണിക്കുന്നവർ പലരും കടന്നുകൂടിയതിന്റെ ഫലമാണ് ഇപ്പോഴത്തെ സ്ഥിതിയെന്ന് സുധാകരൻ ആരോപിച്ചു. കമ്യൂണിസ്റ്റുകാർ കോൺഗ്രസ് ചർച്ചാവേദിയിൽ പോകരുതെന്ന് പറയുന്നത് രാഷ്ട്രീയ പാർട്ടികളെ വാട്ടർടൈറ്റ് കമ്പാർട്ടുമെന്റുകളാക്കുന്നതിനാലാണെന്നും, അങ്ങനെ ചിന്തിക്കുന്നത് സമൂഹത്തിന്റെ പുരോഗതിക്ക് തടസ്സമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

More Stories from this section

family-dental
witywide