കൊൽക്കത്ത: ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുർ റഹ്മാനെയും കുടുംബാംഗങ്ങളെയും വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവിൽപ്പോയ രണ്ട് സൈനിക ഉദ്യോഗസ്ഥരെ തിരികെ കൊണ്ടുവരാൻ ബംഗ്ലാദേശ് ശ്രമിക്കുന്നു. 1975, ഓഗസ്റ്റ് 15നാണ് ഷെയ്ഖ് മുജീബുർ റഹ്മാനെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും ധാക്കയിലെ വസതിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
യുഎസിലുള്ള റഷീദ് ചൗധരി, കാനഡയിലുള്ള എസ്എച്ച്ബിഎം നൂർ ചൗധരി എന്നിവരെ ബംഗ്ലാദേശിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നതായി രാജ്യത്തെ നിയമ വകുപ്പ് മന്ത്രി അനിസുൽ ഹഖ്, പിടിഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. ഇരുവരും കുറ്റം സമ്മതിച്ചതാണ്.
കൊലപാതകത്തിനു പിന്നലെ മുഖ്യ ആസൂത്രകനായ മേജർ ഷരീഫുൾ ഹഖ് ദലിം എവിടെയാണെന്ന് ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നും യുഎസിലും കാനഡയിലുമുള്ള കൊലപാതകികളെ തിരികെ കൊണ്ടുവരാൻ ഇരു രാജ്യങ്ങളുമായി ചർച്ച നടക്കുകയാണെന്നും അനിസുൽ ഹഖ് പറഞ്ഞു.
സ്വന്തം നാട്ടിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളെ തിരിച്ചയക്കാതിരിക്കാനുള്ള നിയമം കാനഡയിൽ നിലനിൽക്കുന്നുണ്ട്.
“അവർ രാഷ്ട്രപിതാവിനെയും അദ്ദേഹത്തിന്റെ കുടുംബത്തിലെ 17 അംഗങ്ങളെയും കൊന്നു… കുറ്റകൃത്യത്തിന്റെ ഹീനമായ സ്വഭാവം കണക്കിലെടുത്ത്, നൂർ ചൗധരിയെ തിരികെ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത കാനഡയെ ബോധ്യപ്പെടുത്താൻ ഞങ്ങൾ ശ്രമിച്ചു,” മന്ത്രി പറഞ്ഞു.