
ന്യൂഡല്‍ഹി: കാനഡയിലെ എഡ്മണ്ടണിലെ ഹിന്ദു ക്ഷേത്രത്തിന്റെ ചുവരുകളില്‍ ഇന്ത്യാ വിരുദ്ധ ചുവരെഴുത്ത്. ബിഎപിഎസ് സ്വാമിനാരായണ ക്ഷേത്രത്തിലാണ് ഇന്ത്യാ വിരുദ്ധ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ഇന്ത്യന്‍ വംശജനായ കനേഡിയന്‍ എംപി ചന്ദ്ര ആര്യയ്ക്കെതിരെയുമാണ് ചുവരെഴുത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ഇരുവരും കാനഡ വിരുദ്ധരാണെന്നാണ് പരാമര്‍ശം. പരാമര്ശങ്ങളുള്പ്പെടുന്ന ചുവരെഴുത്തിന്റെ ചിത്രം ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന് എക്സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
മുമ്പ് പല തവണ കാനഡയിലെ ഹിന്ദു ക്ഷേത്രങ്ങള്‍ ഇത്തരം പ്രവൃത്തികളുടെ ഇരയായിട്ടുണ്ട്. എന്നാല്‍ ബിഎപിഎസ് സ്വാമിനാരായണ ക്ഷേത്രത്തില്‍ ഇത്തരത്തിലൊരു സംഭവം ആദ്യമാണ്. സംഭവത്തില്‍ ഖാലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തകരെയാണ് പലരും കുറ്റപ്പെടുത്തുന്നത്.
സംഭവത്തെ തുടര്‍ന്ന് കാനഡയിലെ വിശ്വഹിന്ദു പരിഷത്ത് ഇതിനെ അപലപിക്കുകയും വളര്‍ന്നുവരുന്ന തീവ്രവാദ ആശയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ കാനഡ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ഖാലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ മരണത്തിന് ശേഷം ഖാലിസ്ഥാന്‍ അനുകൂലികള്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.