മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തുകയും കൂട്ട ബലാത്സംഗത്തിനിരകളാക്കുകയും ചെയ്തതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കും മുൻപ്, ഡിലീറ്റ് ചെയ്യിക്കാൻ ശ്രമം നടന്നതായി ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 18 വയസുള്ള യുംലെംബാൻ ജിബാൻ എന്ന യുവാവാണ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്.
മണിപ്പൂരിലെ തൗബാൽ ജില്ലയിൽ മൂന്ന് സ്ത്രീകളെ ആക്രമിച്ച കേസിൽ മണിപ്പൂർ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്ത ഏഴ് പേരിൽ ഒരാളാണ് ജിബാൻ. ഇയാളെ മറ്റ് മൂന്ന് പേർക്കൊപ്പം തിങ്കളാഴ്ച സ്പെഷൽ ജഡ്ജ് തൗബൽ കോടതിയിൽ ഹാജരാക്കി.
തൗബാൽ ജില്ലയിലെ നോങ്‌പോക്ക് സെക്‌മായി അവാങ് ലെയ്‌കായി എന്ന ഗ്രാമത്തിൽ നിന്നുള്ള ജിബാന്റെ ബന്ധു പറയുന്നതനുസരിച്ച്, ജിബാൻ വീഡിയോ ഷൂട്ട് ചെയ്തിട്ടുണ്ടെന്നും അത് ജിബാന്റെ ഫോണിൽ ഉണ്ടെന്നും ഗ്രാമത്തിലെ മുതിർന്നവർ അറിഞ്ഞിരുന്നു.
“വീഡിയോ ഡിലീറ്റ് ചെയ്യാൻ ഗ്രാമത്തിലെ മുതിർന്നവർ അവനെ പലതവണ ഉപദേശിച്ചു. ഡിലീറ്റ് ചെയ്യാം എന്ന് അവൻ ഞങ്ങളോട് പറഞ്ഞുകൊണ്ടിരുന്നു. എന്നാൽ അവൻ അത് തന്റെ ബന്ധുവിന് അയച്ചു, അയാൾ അത് മറ്റൊരു സുഹൃത്തിന് അയച്ചു. ആ വ്യക്തിയിൽ നിന്നാണ്, (മെയ്‌തേയ് റാഡിക്കൽ ഗ്രൂപ്പ്) അറമ്പായി തെങ്കോൾ ഇക്കാര്യം അറിഞ്ഞതെന്ന് ഞാൻ കരുതുന്നു. ജൂണിൽ എപ്പോഴോ അവർ ഗ്രാമത്തിലെത്തി, വില്ലേജ് അധികാരികളുമായും എല്ലാ സാധാരണക്കാരുമായും ഒരു യോഗം ഉണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും ഞങ്ങളുടെ ഫോണുകൾ അറമ്പായി തെങ്കോൾ ആളുകൾക്ക് കൈമാറി, അവർ അവ പരിശോധിച്ചു, തുടർന്ന് അത് ജിബാന്റെ ഫോണിൽ നിന്ന് ഡിലീറ്റ്,” ബന്ധു പറഞ്ഞു.