ന്യൂഡല്‍ഹി: മണിപ്പൂര്‍ സംഘർഷത്തിനിടെ രണ്ടു സ്ത്രീകളെ നഗ്നരാക്കി പരേഡ് ചെയ്യിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് സിബിഐ കുറ്റപത്രം. സഹായം തേടി പൊലീസ് വാഹനത്തിനടുത്ത് എത്തിയ ഇരകളെ പൊലീസ് സഹായിച്ചില്ല. വണ്ടിയുടെ താക്കോല്‍ ഇല്ലെന്നായിരുന്നു പൊലീസുകാര്‍ മറുപടി നല്‍കിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. ആരോപണ വിധേയരായ മുഴുവന്‍ പൊലീസുകാര്‍ക്കെതിരെയും വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ടെന്നായിരുന്നു മണിപ്പൂര്‍ ഡിജിപിയുടെ വിശദീകരണം.
മണിപ്പൂര്‍ കലാപത്തിനിടെ ചുരാചന്ദ്പൂര്‍ ജില്ലയില്‍ 2023 മെയ് മാസത്തിൽ 2 കുംകി സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ സംഭവം വലിയ വിവാദങ്ങൾക്ക് തിരകൊളുത്തിയിരുന്നു. കേസില്‍ പ്രായ പൂര്‍ത്തിയാകാത്ത ഒരാളടക്കം ഏഴ് പേരെ പ്രതികളാക്കി 2023 ഒക്ടോബറില്‍ തന്നെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഇതിലാണ് മണിപ്പൂര്‍ പൊലീസിനെതിരായ ഗുരുതര പരാമര്‍ശങ്ങള്‍ ഉള്ളത്.
കലാപകാരികളുടെ കയ്യിൽ അകപ്പെടും മുമ്പ് ഈ രണ്ട് സ്ത്രീകളും ഒരു പുരുഷനും സഹായം തേടി മെയിന്‍ റോഡിന് സമീപത്ത് നിര്‍ത്തിയിട്ട പൊലീസ് വാഹനത്തില്‍ ഓടിക്കയറിയിരുന്നു. വാഹനത്തിന് അകത്തും പുറത്തുമായി ഏഴ് പൊലീസുകാര്‍ ഉണ്ടായിരുന്നു. വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ സ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്നയാള്‍ പല തവണ അപേക്ഷിച്ചെങ്കിലും താക്കോല്‍ ഇല്ലെന്നായിരുന്നു ഡ്രൈവറുടെ മറുപടി. പിന്നീട് ഇതേവാഹനം തന്നെ ഓടിച്ച് ആയിരത്തോളം കലാപകാരികളുടെ അടുത്ത് നിര്‍ത്തി പൊലീസുകാര്‍ കടന്നു കളഞ്ഞു. തുടര്‍ന്നാണ് സ്ത്രീകളെ പിടികൂടി വിവസ്ത്രരാക്കി നടത്തിയതെന്നാണ് സിബിഐ കുറ്റപത്രത്തിൽ പറയുന്നു.